മത്സ്യബന്ധന ബോട്ട് ഇടിച്ചു തകർത്ത വിദേശ ചരക്കുകപ്പൽ കണ്ടെത്തിയിട്ടും നടപടിയില്ല
1584815
Tuesday, August 19, 2025 5:51 AM IST
കൊല്ലം : മത്സ്യബന്ധന ബോട്ട് ഇടിച്ചു തകർത്ത് നിർത്താതെ പോയ വിദേശ ചരക്കുകപ്പൽ കണ്ടെത്തിയെങ്കിലും നടപടി എടുക്കാതെ തീരദേശ പോലീസ്. രണ്ടു തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
നീണ്ടകര തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ബോട്ടിനെ കപ്പൽ ഇടിച്ചു തകർക്കുമ്പോൾ ആറ് മത്സ്യത്തൊഴിലാളികളാണ് കടലിൽ വീണത്. ഇവരെ രക്ഷിക്കാൻ കൂട്ടാക്കാതെ കപ്പൽ ഓടിച്ച് പോവുകയായിരുന്നു. ബോട്ടിന്റെ പിൻഭാഗത്തെ ഡെക്കിൽ നിന്ന് ഉയരത്തിലുള്ള ഇരുമ്പ് തൂണിലാണ് കപ്പൽ ഇടിക്കുന്നത്. ആ ഭാഗം തകർന്നിട്ടുണ്ട്.
കടലിൽ തെറിച്ചു വീണ തൊഴിലാളികളെ മറ്റു തൊഴിലാളികളും സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കേടുപാടു പറ്റിയ ബോട്ടും 11 തൊഴിലാളികളും സുരക്ഷിതമായി കരയ്ക്കെത്തി.
ഒൻപത് ബംഗാൾ സ്വദേശികളും മൂന്നു തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.അപകടത്തിൽ പരിക്കേറ്റ ബംഗാൾ സ്വദേശികളായ റോത്തൻ ദാസ് (33), ഭവരഞ്ചൻ ദാസ് (33) എന്നിവർ നീണ്ടകര താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. 13ന് രാത്രിയാണു ശക്തികുളങ്ങര തറയിൽ ഹൗസിൽ നിമ്മിയുടെ ഉടമസ്ഥതയിലുള്ള നിസ്നിയ എന്ന ബോട്ട് അപകടത്തിൽ പെടുന്നത്.
ഇടിയുടെ ആഘാതത്തിൽ കടലിൽ തെറിച്ചു വീണ ജാക്സൺ ബ്രിട്ടോ, ബെൽറാം ദാസ്, സുമൻദാസ്, ജോനോ ദാസ് എന്നിവരെയും പരുക്കേറ്റവരെയും മറ്റൊരു ബോട്ടിലെ തൊഴിലാളികളാണു രക്ഷിക്കുന്നത്.
നീണ്ടകര തീരദേശ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇടിച്ചിട്ടു നിർത്താതെ പോയ കപ്പലിന്റെ വീഡിയോ ദൃശ്യം മത്സ്യത്തൊഴിലാളികൾ പോലീസിനു കൈമാറിയിരുന്നു. ഉടമയ്ക്ക് റോപ്പും വലയും നഷ്ടമായിട്ടുണ്ട്.
കപ്പലിലുള്ളവരുടെ അശ്രദ്ധ കൊണ്ടു മാത്രമാണ് അപകടം ഉണ്ടാകുന്നതെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. അടിയന്തരമായി കപ്പൽ കണ്ടെത്തി ബോട്ടുടമയ്ക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണമെന്നു ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് ആവശ്യപ്പെട്ടു.
അജി വള്ളിക്കീഴ്