ഓർമയില്ലാത്ത ഒരാൾ രാജിക്കത്ത് തയാറാക്കിയതെങ്ങനെയെന്ന് മനുഷ്യാവകാശ കമ്മീഷൻ
1585175
Wednesday, August 20, 2025 6:40 AM IST
കൊല്ലം : ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുകുടിക്കാൻ കഴിയാത്ത തരത്തിൽ ഓർമശക്തി നഷ്ടപ്പെട്ട ഒരാളിൽ നിന്നും അവരുടെ നിയമപരമായ അനന്തരാവകാശികൾ അറിയാതെ ഒരു രാജിക്കത്ത് ഉദ്യോഗസ്ഥർ സ്വീകരിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഇക്കാര്യം വിശദമായി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. 1998 മുതൽ അടൂർ പറക്കോട് ഐസിഡിഎസിന്റെ കീഴിൽ അങ്കണവാടി ടീച്ചറായി ജോലി ചെയ്തിരുന്ന പട്ടികജാതി വിഭാഗത്തിലുള്ള സൈനന്ദ്രിയുടെ രാജിയെകുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്.
സൈനന്ദ്രിയുടെ മകൾ പുനലൂർ കരവാളൂർ സ്വദേശിനി എസ്. അർച്ചന സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ അമ്മയുടെ സഹോദരൻ, ഓർമയില്ലാത്ത അമ്മയെ കൊണ്ട് രാജി വയ്പ്പിച്ചതായാണ് പരാതി. അമ്മയ്ക്കു പകരക്കാരിയായി അധ്യാപിക ജോലിക്ക് അപേക്ഷ നൽകിയപ്പോഴാണ് ഇക്കാര്യം താൻ അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ കൊല്ലം വനിതാ-ശിശുവികസന അസിസ്റ്റന്റ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ അമ്മയുടെ രാജിക്കത്തിൽ അമ്മയുടെ സഹോദരി പ്രഭാവതി, അമ്മയുടെ സഹോദരൻ രാജൻ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടിരിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.
സൈനന്ദ്രി ചെറിയ കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാൻ കഴിയാത്തവിധം ഓർമ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. രാജി വച്ച ഒഴിവിൽ നിലവിലുള്ള വ്യവസ്ഥ പ്രകാരം ആശ്രിതനിയമനം നടത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അമ്മയെ രാജിവയ്പ്പിച്ചതിൽ ഐസിഡിഎസ് ഓഫീസർക്കും ബന്ധമുണ്ടെന്നു പരാതിക്കാരി ആരോപിച്ചു.