സുജാകുമാരിയുടെ മട്ടുപ്പാവിൽ ജൈവവസന്തം
1585174
Wednesday, August 20, 2025 6:40 AM IST
അനിൽ പന്തപ്ലാവ്
പുനലൂർ: പൂർണമായും വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൂല കാലാവസ്ഥയെ ഉൾപ്പെടെ തരണം ചെയ്ത് മട്ടുപ്പാവ് കൃഷിയിൽ നൂറുമേനി വിളയിച്ച് വേറിട്ട മാതൃകയാവുകയാണ് തെന്മല ഇടമൺ ഉഷസിൽ സുജാകുമാരി. കീടനാശിനികൾ ഉപയോഗിക്കാതെ മണ്ണിനേയും അതുവഴി പരിസ്ഥിതിയേയും നശിപ്പിക്കുന്ന കൃഷി രീതിക്കു പകരം തീർത്തും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിട്ടുള്ള ജൈവ കൃഷിരീതിയാണ് മട്ടുപ്പാവ് കൃഷിക്കായി സുജാകുമാരി സ്വീകരിച്ചിരിക്കുന്നത്.
കാബേജ്, കോളീഫ്ലവർ, തക്കാളി, പച്ചമുളക്, വെള്ളരി, കാന്താരി, ചീര ,ഇഞ്ചി, തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, വെള്ളരി, കിഴങ്ങ്, ഉള്ളി എന്നിങ്ങനെയുള്ള പച്ചക്കറികൾ എല്ലാം സുജാകുമാരിയുടെ മട്ടുപ്പാവ് കൃഷിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ പേരയ്ക്കയുടെ വിവിധ തരം ഇനങ്ങൾ, ആപ്പിൾ, ഓറഞ്ച് എന്നിങ്ങനെ നീളുന്ന പഴവർഗങ്ങൾ വേറെയും. കൂൺകൃഷി, കോഴി വളർത്തൽ തുടങ്ങിയവയിലും സുജാകുമാരി കൈവച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ എന്തൊക്കെയാണ് ഈ മട്ടുപ്പാവിൽ ഇല്ലാത്തത് എന്ന് ചോദിക്കുന്നതാകും ഏറ്റവും എളുപ്പം.
കൃഷി ചെയ്തെടുത്ത കൂണുങ്ങളുടെ വില്പനയും സുജാകുമാരിയ്ക്കുണ്ട്. കഴിഞ്ഞ 30 വർഷമായി കൃഷി നടത്തുന്ന സുജാകുമാരിയോടൊപ്പം കുടുംബം ഒന്നടങ്കമാണ് കൃഷിയിൽ പങ്കാളികളായിരിക്കുന്നത്. അതിനാൽ തന്നെ കൃഷിക്കാര്യം എന്നത് ഇവർക്ക് കുടുംബ കാര്യമാണ്. കഠിനാധ്വാനവും കുടുംബം ഒപ്പമുള്ളതുമാണ് കൃഷിയിൽ തന്റെ വിജയത്തിന്റെ കാരണമെന്ന് സുജാകുമാരി പറയുന്നു.
അതേസമയം സ്ഥലമില്ലാത്തതു കാരണം കൃഷി ചെയ്യാതിരിയ്ക്കരുതെന്നും മട്ടുപ്പാവ് കൃഷിയിലൂടെ നിങ്ങള്ക്കും മികച്ച കര്ഷകരാകാൻ സാധിക്കുമെന്നും തെളിയിക്കുകയാണ് സുജാകുമാരി. പിതാവായ രാഘവകുറുപ്പാണ് മകളെ കാർഷിക മേഖലയിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവന്നത്.
30 വർഷത്തോളമായി കൃഷി ചെയ്തു വരുന്നു. ഭർത്താവ് സദാശിവൻ പിള്ളയും മക്കളായ ശ്രീലക്ഷ്മി, ശിവലക്ഷ്മി, സേതുലക്ഷ്മി എന്നിവരും കാർഷിക രംഗത്ത് കൂടെയുണ്ടെന്നും സുജാ കുമാരി പറഞ്ഞു.