മലയോര മേഖലയിൽ കുരങ്ങും മലയണ്ണാനും വ്യാപക കൃഷിനാശം വരുത്തുന്നു
1585738
Friday, August 22, 2025 6:32 AM IST
ഭാരതീപുരം: മലയോര മേഖലയിൽ കൃഷിക്കാർ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യം ശക്തമാകുന്നു.
കുരങ്ങ്, മലയണ്ണാൻ, പന്നി, എന്നിവയുടെ ശല്യം മൂലം കൃഷികൾ നശിക്കുന്നു. ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കർഷകർ പലരും നിരാശയിലാണ്. കൂട്ടത്തോടെ എത്തിയ കുരങ്ങുകൾ നേന്ത്രവാഴക്കുലകൾ നശിപ്പിക്കുന്നതിനാൽ കർഷകർ വലയുകയാണ്. പലരും പണം കടംവാങ്ങിയാണ് കൃഷിയിറക്കിയത്. നാളീകേരത്തിന്റെ വില കുതിച്ചുയരുന്നു.
നൂറ്കണക്കിന് നാളികേരം ലഭിച്ചുകൊണ്ടിരുന്ന കർഷകർക്ക് ഓണക്കാലമായിട്ട് പോലും നാളികേരം ലഭിക്കുന്നില്ല, മലയണ്ണാൻ തെങ്ങിൽ കയറി മുഴുവനും നശിപ്പിക്കുന്നു. അതിനാൽ തെങ്ങിൽ നിന്നുള്ള ആദായവും നിലച്ചു.
കൃഷി സ്ഥലത്തിന് ചുറ്റും ഫെൻസിംഗ് സ്ഥാപിച്ച് പന്നിയിൽ നിന്നുമുള്ള ശല്യം ഒരു പരിധിവരെ കുറയുമ്പോൾ മലയണ്ണാൻ, കുരങ്ങ്, ഇവയുടെ ശല്യം മൂലം കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം നഷ്ടം നേരിടുന്ന കർഷകർക്കു സർക്കാർ തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇൻഷുറൻസ് തുക ലഭിയ്ക്കുവാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയിലാണ്. കർഷകർക്ക് ഉപകാരപ്രദമായ യൊരു നടപടികളും ഉണ്ടാകുന്നില്ല.
വനം വകുപ്പിൽ നിന്നുമുള്ള നഷ്ടപരിഹാരം ലഭിയ്ക്കുവാനുമുള്ള കാലതാമസം ഒഴിവാക്കിയാൽ കർഷകർക്ക് പ്രയോജനമാകും.അതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുള്ള ആവശ്യവും ശക്തമാണ്.