അപകടങ്ങൾക്ക് അറുതിയില്ലാതെ മലയോര ഹൈവേ
1585189
Wednesday, August 20, 2025 6:49 AM IST
കുളത്തൂപ്പുഴ: മലയോര ഹൈവെയിൽ അപകടങ്ങൾക്ക് അറുതിയില്ലെന്ന അവസ്ഥയാണ്. അഞ്ചൽ കുളത്തൂപ്പുഴ മലയോര ഹൈവെയിൽ കഴിഞ്ഞ ദിവസം ഏഴംകുളം വലിയ വളവിന് സമീപമാണ് ഒടുവിൽ നടന്ന അപകടം.
അഞ്ചലിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കാറും തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി അഞ്ചലിലേക്ക് പൊവുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. വളവിൽ അമിതവേഗത്തിൽ എതിർ വശത്തേക്ക് കയറിവന്ന പിക്കപ്പ് വാൻ മുന്നിൽ കാർ കണ്ട ഉടനെ വാഹനം വെട്ടിച്ചെങ്കിലും കൂട്ടിയിടിക്കുകയാണ് ഉണ്ടായത്.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലത്തിയവരും ചേർന്ന് അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു.
യാത്രികർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അതേസമയം,അപകടമുണ്ടായി അരമണിക്കൂറിനകം മറിഞ്ഞ പിക്കപ്പ് വാനിലെ സാധനങ്ങളൊന്നാകെ പോലീസ് സ്ഥലത്ത് എത്തുന്നതിനു മുൻപ് മറ്റൊരു വാഹനത്തിൽ കയറ്റിപോയത് നാട്ടുകാർക്കിടയിൽ സംശയത്തിനിടയാക്കിയിട്ടുണ്ട്. സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പോലീസ് കേസെടുത്തു.