പ്രതികൂല സാഹചര്യത്തിലും കേരളത്തിൽ വികസന പ്രവർത്തനങ്ങൾ തുടരുന്നു: മന്ത്രി മുഹമ്മദ് റിയാസ്
1585741
Friday, August 22, 2025 6:32 AM IST
ചാത്തന്നൂർ:വാഹനപ്പെരുപ്പം, കാലാവസ്ഥാ മാറ്റങ്ങൾ എന്നീ സാഹചര്യങ്ങളിലും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ തുടരുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചാത്തന്നൂർ - ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പള്ളിക്കമണ്ണടി പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാലം യാഥാർഥ്യമാകുന്നതോടെ ആദിച്ചനല്ലൂർ, നെടുമ്പന, പൂയപ്പള്ളി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ചാത്തന്നൂരിലേക്ക് എത്താനും ദേശീയപാത ഉപയോഗിക്കാനും എളുപ്പമാകും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ ടൂറിസം പദ്ധതികൾക്കും സഹായകമാണ്.
ഹൈവേയുടെ ഓരോ 50 കിലോമീറ്റർ ഇടവിട്ട് ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കാഴ്ചകൾ ആസ്വദിക്കാനും കേന്ദ്രങ്ങൾ ഒരുക്കും. മലയോര ഹൈവേ കാർഷിക ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകും. ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ 5,600 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ റോഡ് നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ കരാറുകാരുടെ വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയുന്ന ഡിഎൽ പി, റണ്ണിംഗ് കോൺട്രാക്ട് സംവിധാനങ്ങൾ നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജി.എസ്. ജയലാൽ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം .കെ. ശ്രീകുമാർ, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ചന്ദ്രൻ,
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, ചാത്തന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. മഹേശ്വരി, ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.