തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീന് ആദ്യഘട്ടപരിശോധന 25ന് പൂർത്തിയാകും
1585353
Thursday, August 21, 2025 6:21 AM IST
കൊല്ലം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലം താലൂക്കില്‍ സജീകരിച്ച വെയര്‍ഹൗസില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ആദ്യഘട്ടപരിശോധന 25ന് പൂര്‍ത്തിയാകും.
ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് വെയര്‍ഹൗസ് സന്ദര്‍ശിച്ച് നടപടികള്‍ വിശദീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കണ്ട്രോള് യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധിക്കുന്നത്. 4120 കണ്ട്രോള് യൂണിറ്റുകളും 11080 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. 3714 കണ്ട്രോള് യൂണിറ്റുകളുടെയും 11026 ബാലറ്റ് യൂണിറ്റുകളുടെയും പരിശോധന പൂര്‍ത്തിയാക്കി.
വാര്‍ഡ് വിഭജനം പൂര്‍ത്തിയായതനുസരിച്ച് ജില്ലയില്‍ 2814 പോളിംഗ്ബൂത്തുകളാണുള്ളത്. വോട്ടിങ് മെഷീനുകളില്‍ സമയക്രമീകരണം, മെമ്മറി യൂണിറ്റ് സീലിംഗ്, എല്ലാ യൂണിറ്റുകളുടെയും പ്രവര്‍ത്തനക്ഷമത, മെഷീന് വൃത്തിയാക്കല്‍ തുടങ്ങി ഭൗതികവും സാങ്കേതികവുമായ പരിശോധനയാണ് തുടരുന്നത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്നുള്ള 80 പേര്‍ക്കാണ് ചുമതല.
സാങ്കേതിക തകരാറുകള്പരിഹരിക്കുന്നതിന് ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുമുണ്ട്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, ഡെപ്യൂട്ടി കളക്ടര്രാഗേഷ്കുമാര്, തെരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് സുരേഷ് അയ്യപ്പന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.