ജീവിത വിശുദ്ധിക്കൊപ്പം ശുദ്ധമായ കൃഷിയുടെ പച്ചപ്പും പകർന്ന് ഫാ.അഗസ്റ്റിൻ സ്റ്റാൻലി
1585743
Friday, August 22, 2025 6:32 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: വൈദികവൃത്തിയുടെ വിശുദ്ധിക്കൊപ്പം ശുദ്ധമായ കൃഷിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് കാഞ്ഞിരകോട് സെന്റ് ഈഡിത്ത് സ്റ്റെയിൻ മോണാസ്ട്രിയിലെ ഫാ. അഗസ്റ്റിൻ സ്റ്റാൻലി ഒസിഡി. കാടുപിടിച്ചുകിടന്ന 25 സെന്റ് സ്ഥലത്തു കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ കൃഷിയിറക്കി പച്ചപ്പ് വിരിക്കുകയാണ് ഈ വൈദികൻ. രാവിലത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം കൃഷിയിടത്തിലിറങ്ങി പണിക്കാരനൊടൊപ്പം കിളയ്ക്കാനും കളപറിക്കാനും ചെടിക്കു വളമിട്ടുവെള്ളം ഒഴിച്ചുപരിപാലിക്കാനും അച്ചനു മടിയില്ല.
എത്രമണിക്കൂറുവേണമെങ്കിലും കൃഷിയിടത്തിൽ ചെലവഴിക്കാൻ അച്ചനുമടിയില്ല. കൃഷിയിലൂടെ ആഹ്ലാദം കണ്ടെത്തുന്ന വൈദികൻ ഓരോ ചെടിയേയും പരിപാലിക്കുന്നതിലും വളരെ ശ്രദ്ധയാണ് നൽകുന്നത്. ക്രിസ്തീയ പാട്ടുകളും പ്രാർഥനകളും ചൊല്ലി ഓരോ ചെടിക്കുമുന്നിലൂടെ തലോടി കടന്നു പോകുന്ന സ്റ്റാൻലിയച്ചനൊരു തനികർഷകനായി മാറുകയാണ്.
മരച്ചിനി, പയർ ഉൾപ്പെടുന്ന പച്ചക്കറികൾ, വാഴ, മുളക്, ചേന, ചേന്പ് എന്നിവ കൃഷി ചെയ്യുന്നു. ഇതുകൂടാതെ കുറ്റികുരുമുളകിന്റെ പരിപാലനവും പിവിസി പൈപ്പിലുള്ള കുരുമുളക് വളർത്തലും തെങ്ങുകൃഷിയും അച്ചനെ വേറിട്ടുനിർത്തുന്നു. ഗ്രോബാഗിൽ പച്ചക്കറികൾ തയാറാക്കാൻ കൃഷിഓഫീസുമായി ചേർന്നു സ്ഥലം ഒരുക്കി കഴിഞ്ഞു. ഇതിൽ വെണ്ട, വഴുതന, പച്ചമുളക്, കത്രിക്ക, പയർ തുടങ്ങിയ പച്ചക്കറികളാണ് നടുന്നത്. ജൈവകൃഷിയുടെ പച്ചപ്പിൽ തലയെടുത്തു നിൽക്കുന്ന കൃഷികളാണ് ഇവിടെയുള്ളത്.
അച്ചനു കൃഷിയൊരു പാഷനാണ്. കൊട്ടിയത്ത് സൗത്ത് കേരള പ്രൊവിൻസിലായിരിക്കുന്പോൾ ഏക്കർകണക്കിനുള്ള സ്ഥലത്തും കൃഷിയിറക്കാൻ സമയം കണ്ടെത്തിയിരുന്നു. കൃഷി എപ്പോഴും പോസിറ്റിവ് എനർജിയാണ് നൽകുന്നതുകൊണ്ടാണ് ഇതിലേക്ക് ഇറങ്ങിയത്.
ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ നടപ്പിലാക്കി വരുന്ന ദേവഹരിതം പദ്ധതിയിൽ അച്ചൻ സജീവപങ്കാളിയാണ്. അച്ചന്റെ കൂടെ നിന്നു സഹായിക്കാൻ പേരയം കൃഷിഭവനിലെ കൃഷിഓഫീസർ ടിസി റെയ്ച്ചൽ തോമസും സഹപ്രവർത്തകരും ഹരിതകേരളമിഷന്റെ ചിറ്റുമലബ്ലോക്ക് റിസോഴ്സ് പേഴ്സൺ ജെസിരാജും പഞ്ചായത്തും മുന്നിലുണ്ട്. ടിസി റെയ്ച്ചലിന്റെയും ജെസിയുടെയും ഉപദേശവും പിന്തുണയും ഏറെ സഹായകരമാകുന്നുണ്ടെന്നാണ് അച്ചൻ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ നടപ്പിലാക്കി വരുന്ന ദേവഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തി പേരയം പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടത്തിയ കർഷക ദിനത്തിൽ മികച്ച കർഷകനായി അച്ചനെ തെരഞ്ഞെടുത്ത് ആദരിച്ചിരുന്നു.പി.സി. വിഷ്ണു നാഥ് എംഎൽഎയാണ് പൊന്നാട അണിയിക്കുകയും ഫലകം നൽകി അഭിനന്ദിച്ചത്.
അച്ചന്റെ മനസിലുണ്ടായിരുന്ന പച്ചപ്പിനെ വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിച്ചു വളർത്തിയെടുത്തതു കൃഷിഭവനും ഹരിതകേരളം മിഷനും പഞ്ചായത്തുമാണെന്ന് അച്ചൻ പറയും.