സ്വകാര്യ ബസ് കണ്ടക്ടർക്ക് പോലീസ് മർദനം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
1585183
Wednesday, August 20, 2025 6:48 AM IST
കൊല്ലം : സ്വകാര്യബസിലെ കണ്ടക്ടറെ കടയ്ക്കൽ എസ് ഐ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും. പരാതിയെകുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിക്കുമെന്ന് കമ്മീഷൻ അംഗം വി. ഗീതയാണ് അറിയിച്ചിട്ടുള്ളത്.
കുളത്തൂപ്പുഴ-കടയ്ക്കൽ-കല്ലറ റൂട്ടിലോടുന്ന ‘പട്ടുറുമാൽ’ എന്ന സ്വകാര്യബസിലെ കണ്ടക്ടർ ഭരതന്നൂർ സ്വദേശി അബീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കുട്ടികളുടെ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ കണ്ടക്ടർക്കെതിരെ കടയ്ക്കൽ പോലീസിൽ വിദ്യാർഥികൾ പരാതി നൽകിയിരുന്നു. താൻ സർവീസി െന്റ ഭാഗമായി കടയ്ക്കൽ സ്റ്റാന്റ ിലെത്തിയപ്പോൾ പോലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുചെന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.
കൊല്ലം ജില്ലാ പോലീസ് മേധാവി ആരോപണങ്ങൾ നിഷേധിച്ചു. ചില വിവരങ്ങൾ ചോദിച്ചറിയാൻ കണ്ടക്ടറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വന്നില്ലെന്നും തുടർന്ന് 2023 ജൂൺ 24 ന് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.
കർശന താക്കീത് നൽകി പരാതിക്കാരനെ വിട്ടയച്ചതായും ബാക്കി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും അന്നത്തെ ലോക്കപ്പ് മർദ്ദനത്തിന് ശേഷം തനിക്ക് നിവർന്ന് നിന്ന് ജോലി ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കകം എസ് ഐയെ സ്ഥലം മാറ്റിയത് എസ്ഐ തെറ്റുകാരനായതു കൊണ്ടാണെന്നും പരാതിക്കാരൻ അറിയിച്ചു.
ആശുപത്രി രേഖകളും പരാതിക്കാരൻ സമർപ്പിച്ചിരുന്നു. തന്നെ അന്യായമായി തടങ്കലിൽ വച്ചതി െന്റ ദൃശ്യങ്ങൾ സി സി റ്റി വി യിൽ നിന്നും ലഭ്യമാണെന്നും പരാതിക്കാരൻ അറിയിച്ചു. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അന്വേഷണവിഭാഗത്തിന് നിർദേശം നൽകി.