എംഡിഎംഎ വില്പന; ഓട്ടോഡ്രൈവര്‍ പിടിയില്‍
1585187
Wednesday, August 20, 2025 6:49 AM IST
പേരൂര്‍ക്കട: മാരക ലഹരിമരുന്നായ എംഡിഎംഎ വല്പനയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായി. വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ മാറാംകോട് ചീനിവിള വീട്ടില്‍ സഞ്ജു (25) ആണ് പോലീ സിന്റെ പിടിയിലായത്.
സ്റ്റേഷന് പരിധിയില്‍ എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സ്വദേശി സില്‍വസ്റ്റര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ തുടരന്വേഷണത്തിലാണ് ഏറ്റവുമൊടുവില്‍ സഞ്ജു പിടിയിലായിരിക്കുന്നത്. സില്‍വസ്റ്ററെ 108 ഗ്രാം എംഡിഎംഎ കമ്പ്യൂട്ടര്‍ പാര്ട്ട്സിനുള്ളില് ഒളിപ്പിച്ച നിലയിലാണ് പിടികൂടിയത്.
സില്വസ്റ്ററില്നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ സുഹൃത്തായ കുമാരപുരം സ്വദേശി ശ്രീകാന്തിനെ അറസ്റ്റുചെയ്തതോടെയാണ് എംഡിഎംഎ വിദേശത്തുനിന്നും എത്തിച്ച് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയും നൈജീരിയന്‍ സ്വദേശിയുമായ ഡുമോ ലിയോണല്‍ ബാംഗ്ലൂരില്‍ നിന്നു പിടിയിലായത്. ശ്രീകാന്തും സഞ്ജുവും സുഹൃത്തുക്കളാണ്. സഞ്ജുവിനുവേണ്ടിയാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ചതെന്നു ചോദ്യം ചെയ്യലില്‍ ശ്രീകാന്ത് സമ്മതിച്ചിരുന്നു.
സഞ്ജു ഇത് ചില്ലറ വില്‍പ്പന നടത്തുകയാണ് ചെയ്തുവരുന്നത്. വട്ടിയൂര്‍ക്കാവിലെ ഓട്ടോഡ്രൈവറാണ് സഞ്ജു. ഇതോടെ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.
വഞ്ചിയൂര്‍ സിഐ എച്ച്.എസ്. ഷാനിഫ്, ഡാന്‍സാഫ് എസ്ഐ അജേഷ്കുമാര്, ജിഎസ്ഐ സാബു, എസ്സിപിഒമാരായ ഷാജി, നസിമുദീന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.