ജൂബിലി നിറവിൽ കുഞ്ഞുങ്ങൾക്കു പ്രത്യാശയുടെ പുതുവെളിച്ചം പകരാൻ "സ്പെരാൻസ' വരുന്നു
1585354
Thursday, August 21, 2025 6:21 AM IST
കൊല്ലം: ആരോഗ്യരംഗത്ത് 75 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബിഷപ് ബെൻസിഗർ ആശുപത്രിയുടെ ജൂബിലിനാളിൽ കുഞ്ഞുങ്ങൾക്കു പ്രത്യാശയുടെ പുതുവെളിച്ചം പകരാൻ സ്പെരാൻസ എന്ന ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നു.
കുട്ടികളിലെ പിരിമുറുക്കം, മാനസിക വളർച്ചാക്കുറവ്, ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രൽ പാൾസി, സംസാര വൈകല്യങ്ങൾ തുടങ്ങിയവ നേരിടുന്ന കുട്ടികൾക്കു നേരത്തെയുള്ള രോഗനിർണയം, സമഗ്രമായ ചികിത്സ, ചിട്ടയായ പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനായിട്ടാണ് തങ്കശേരിയിൽ സ്പെരാൻസ എന്ന പേരിൽ ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നത്. കുട്ടികൾക്കായി കൂടുതൽ നന്മ ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
24നു ഉച്ചകഴിഞ്ഞ് മൂന്നിനു വൈദികരുടെയും സന്യാസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ തങ്കശേരി മൗണ്ട് കാർമൽ സ്കൂളിനു സമീപമുള്ള സ്പെരാൻസ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽനിർവഹിക്കും .ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിമന്ദിരംവെഞ്ചരിച്ച് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
ഇവിടെ കുട്ടികളെ അവരുടെ രോഗനിർണയത്തിന്റെ പേരിൽ അടയാളപ്പെടുത്തുന്നില്ല. മറിച്ചു കുട്ടികളെ അവരുടെ സാധ്യതകളുടെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. ശിശുരോഗ ന്യൂറോളജിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, മനഃശാസ്ത്രജ്ഞർ, പ്രത്യേക അധ്യാപകർ എന്നിങ്ങനെയുള്ള വിദഗ്ധരുടെ വിപുലമായ സംഘമാണ് നേതൃത്വം നല്കുന്നത്.
കുട്ടികൾക്കുവേണ്ടി പ്രത്യേകമായി ഒരുക്കിയ സൗഹൃദാന്തരീക്ഷത്തിൽ, കളികളിലൂടെയും, സംഭാഷണങ്ങളിലൂടെയും മറ്റു ചികിത്സാ രീതികളിലൂടെയും വ്യക്തിഗതമായ പരിഗണന നൽകുന്നു.
കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ് ജെറോം ഫെർണാണ്ടസാണ് 1948 ഓഗസ്റ്റ് 17നു ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിന്റെ നാമധേയത്തിലാണ് ബെൻസിഗർ ആശുപത്രി സ്ഥാപിക്കുന്നത്.
ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത്, ജില്ലയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായ ഈ സ്ഥാപനം കൊല്ലം നിവാസികൾക്ക് ഒരു കൈത്താങ്ങായി മാറി. ഓലമേഞ്ഞ 13 കുടിലുകളിൽ നിന്ന് ആരംഭിച്ച് 600-ഓളം കിടക്കകളുള്ള ഒരു മൾട്ടിസൂപ്പർസ്പെഷാലിറ്റി ആശുപത്രിയായി ഇതു വളർന്നു. സ്നേഹിക്കുക എന്നാൽ സേവനം ചെയ്യുക എന്നതാണ് ആശുപത്രിയുടെ ആപ്തവാക്യം.