ക്ഷീരകര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ‘അജഗ്രാമം' പദ്ധതിയുമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
1585736
Friday, August 22, 2025 6:32 AM IST
കൊല്ലം: ക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാന വര്‍ധനയും ആട് വളര്‍ത്തലില്‍ പിന്തുണയും ലക്ഷ്യം വെച്ച് അജഗ്രാമം പദ്ധതി നടപ്പാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളില്‍ ഗുണമേന്മയുള്ള ആടുകളെ വിതരണം ചെയ്ത് പാലിന്റെ ലഭ്യത ഉറപ്പാക്കാനാണിത്.
ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ലൈവ്സ്റ്റോക്ക് ആന്റ് ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ഇട്ടിവ പഞ്ചായത്തിലെ ചാണപ്പാറ വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന തേക്കില്‍ ഫാമുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ആടുവിതരണം. പദ്ധതി നിര്‍വഹണത്തിനായി 60 മലബാറി ഇനം ആടുകളെ ബ്ലോക്ക് പഞ്ചായത്ത് ഫാമിലേക്ക് സൗജന്യമായി നല്കി.കരാര്‍പ്രകാരം ഒരു വര്‍ഷം അഞ്ച് മാസം പ്രായമുള്ള 20 പെണ് ആടുകളെയും അഞ്ച് മുട്ടനാടുകളെയും ഒരാടിന് 2,000 രൂപ നിരക്കില്‍ ആദ്യ രണ്ടുവര്‍ഷം ബ്ലോക്ക് പഞ്ചായത്തിന് കൈമാറണം.
തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ഇത്രയും ആടുകളെ മുന്‍ നിശ്ചയിച്ച നിരക്കിന്റെ 50 ശതമാനം വിലയില്‍ നല്‍കണം. പദ്ധതിയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഓരോ വര്‍ഷവും തെരഞ്ഞെടുക്കുന്ന വനിതാ സംരംഭകര്‍ ഉള്‍പ്പെടുന്ന അഞ്ച് ഗ്രൂപ്പുകളില്‍ ഓരോ ഗ്രൂപ്പിനും നാല് പെണ് ആടുകളും ഒരു മുട്ടനാടിനെയും നല്‍കും. പദ്ധതിക്കായി 4,37,400 രൂപയാണ് വിനിയോഗിച്ചത്.അടുത്ത അഞ്ച് വര്‍ഷത്തില്‍ 25 ആട് പ്രജനന യൂണിറ്റുകള്‍ പഞ്ചായത്ത് സ്ഥാപിക്കും.
ആടുകളെ ലൈവ് സ്റ്റോക്ക് ആന്‍ഡ് ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സൗജന്യനിരക്കില്‍ ബ്ലോക്ക് പഞ്ചായത്തിന് നല്‍കും. ക്ഷീരമേഖലയില്‍ സ്വയംതൊഴിലിനും പാലുല്പാദനമേഖലയില് സ്വയംപര്യാപ്തതയ്ക്കും വേണ്ടി സ്വയംസഹായ സംഘങ്ങള്‍ക്ക് കറവപ്പശു വളര്‍ത്തല്‍, കാലിത്തീറ്റ സബ്സിഡി, പാലിന് സബ്സിഡി എന്നീ ആനുകൂല്യങ്ങളും നല്കിവരുന്നുണ്ടെന്നു പ്രസിഡന്റ് ലതികാ വിദ്യാധരന് പറഞ്ഞു.