സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ
1585744
Friday, August 22, 2025 6:32 AM IST
കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ ബോസ്കോ നഗർ- 78-ൽ കടപ്പുറം പുറന്പോക്ക് വീട്ടിൽ ജോസ് നികേഷ് (37) ആണ് പിടിയിലായത്.
യുവതിയുമായി സൗഹൃദത്തിലായിരുന്ന ഇയാൾ ഇവർ തമ്മിലുള്ള നിരവധി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഫോണിൽ സൂക്ഷിച്ചിരുന്നു.
പിന്നീട് യുവതി ഇയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാതെ വന്നതോടെ സ്വകാര്യ ദൃശ്യങ്ങൾ യുവതിക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും യുവാവിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇവ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് മാനഹാനിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.
യുവാവിൽ നിന്നുള്ള മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് യുവതി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയായ ജോസ് നികേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം സിറ്റി ഡിസിആർബി അസി.പോലീസ് കമ്മീഷണർ എ.നസീറിന്റെ നിർദേശപ്രകാരം കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ നന്ദകുമാർ, എഎസ്്ഐ ജയകുമാരി, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.