കടയ്ക്കലിൽ സിപിഎം - കോൺഗ്രസ് സംഘർഷം : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
1585182
Wednesday, August 20, 2025 6:40 AM IST
കടയ്ക്കൽ: കടയ്ക്കലിൽ സിപിഎം കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിനു കുത്തേറ്റു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്കു പരിക്കേറ്റു. നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെഎസ് യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കോൺഗ്രസ് പ്രവർത്തകനായ അൻസറിന്റെ കട ഡിവൈഎഫ്ഐ പ്രവര്‍ത്തക്കാർ അടിച്ച് പൊളിച്ചെന്നു കോൺഗ്രസ് ആരോപിക്കുന്നു. അതിനിടെ, അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ കടയ്ക്കലിൽ പ്രതിഷേധ പ്രകടനം നടത്തി.
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ കുത്തകയായിരുന്ന ചടയമംഗലം - കടയ്ക്കല്‍ മേഖലയില്‍ പല സ്കൂളുകളിലും കെഎസ്യുവിന്റെ സ്ഥാനാർഥികള്‍ ജയിച്ചു വന്നതില്‍ അരിശംപൂണ്ട് സിപിഎം വിജയിച്ച വിദ്യാർഥികളെ വഴിനീളെ മര്‍ദിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
ഇതില്‍ പ്രതിഷേധിച്ചു പ്രകടനവും മീറ്റിംഗും നടത്തുവാന്‍ തയാറായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മിന്റെ ഉത്തരവാദിത്തമുള്ള നേതാക്കള്‍ തന്നെ നേതൃത്വം കൊടുത്തു മൃഗീയമായി മര്‍ദിക്കുകയും അടിച്ചോടിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവിയായ ഒരു ബേക്കറി ഉടമയുടെ കട അടിച്ച് തകര്‍ക്കുകയും അയാളെ മാരകമായി മര്‍ദിക്കുകയും ചെയ്തു.
നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാര്‍ട്ടിയുടെ കുത്തക നിലനിര്‍ത്തുവാനുള്ള സിപി എമ്മിന്റെ സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.