സാന്ത്വനമായി ‘കേരള കെയര്‍'
1585735
Friday, August 22, 2025 6:32 AM IST
ജില്ലയില്‍ രജിസ്റ്റർ ചെയ്തത് 8081 രോഗികൾ
കൊല്ലം: ഗൃഹകേന്ദ്രീകൃതപരിചരണം ഉറപ്പാക്കുന്ന ആരോഗ്യവകുപ്പിന്റെ ആശ്വാസപരിചരണ ചട്ടക്കൂടായി ‘കേരള കെയര്‍'. ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സ, സാമൂഹികവും മാനസികവുമായ പിന്തുണയും ഉറപ്പാക്കുന്ന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് നടപ്പിലാക്കി വരുന്നത്.
ജില്ലയില്‍ 8081 രോഗികളാണ് സേവനത്തിനായി കേരള കെയറിൽ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രോഗികള്‍, സന്നദ്ധ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 503 സര്‍ക്കാര്‍ സംവിധാനങ്ങള്‍, 175 സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഇവ മുഖേനയാണ് രോഗികള്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെ സൗജന്യമായി നല്‍കുന്നത്. 421 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, 58 കുടുംബാരോഗ്യകേന്ദ്രങ്ങള്‍, 16 സാമൂഹികാരോഗ്യകേന്ദ്രങ്ങള്, എട്ട് പ്രധാന ആശുപത്രികളും 41 സന്നദ്ധസംഘടനകളും 134 സന്നദ്ധപ്രവര്‍ത്തകരും ഇതിൽ ഉൾപ്പെടും.
പദ്ധതി ആരംഭിച്ച് മൂന്ന് മാസത്തിനകം 18606 ഭവനസന്ദര്‍ശനം നടത്തി പരിചരണത്തിന് തുടക്കമായി. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 3083 സ്ത്രീകളാണ്. 4992 പുരുഷന്മാരും ആറ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരും ഉൾപ്പെടും.
കൂടുതൽ രോഗികളും 71 മുതല്‍ 80 വയസിനിടയിൽ പ്രായമുള്ളവരാണ്. 81 - 90 വയസിനിടെ പ്രായമുള്ള 2042 പേരാണ് ഉള്ളത്. 61നും 70നും ഇടയില്‍ 1580, 91 വയസില്‍ മുകളില്‍ 617 എന്നിങ്ങനെയാണ് രജിസ്ട്രേഷന്. 18 വയസുവരെ 54, 19നും 30നും ഇടയില്‍ 92, 31-40 പ്രായപരിധിയില്‍ 146, 41-50 വിഭാഗത്തില്‍ 367, 51നും 60നും ഇടയില്‍ 663 രോഗികള്‍ക്കാണ് സാന്ത്വനപരിചരണം ലഭിക്കുന്നത്.
സ്വന്തമായി ചലിക്കാന്‍ കഴിയാത്ത 2188 പേര് ഇക്കൂട്ടത്തിലുണ്ട്. കിടക്കയില്‍ സ്വയംചലനശേഷിയുള്ളവര് 1245, പരസഹായത്തോടെ ഇരിക്കാന്‍ കഴിയുന്നവര്‍ 879, പരസഹായമില്ലാതെ ഇരിക്കാനാകുന്നവര് 594, മറ്റുള്ളവരുടെസഹായത്തോടെ എഴുന്നേല്ക്കാന്കഴിയുന്നവര് 536. പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഹോംകെയര്‍, ഹോമിയോസംഘം,
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ പി എച്ച് എൻ, ആശ - സന്നദ്ധ പ്രവര്‍ത്തകര്‍, ഉള്‍പ്പെടെ വീടുകളിലെത്തിയാണ് ആശ്വാസപരിചരണം നിര്‍വഹിക്കുക. ആരോഗ്യപരിശോധന, വൈദ്യസഹായം, മരുന്നുകള്‍, പരിചരണസാമഗ്രികള്‍, വീല്‍ചെയര്‍, വാട്ടര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കിയാണ് ശുശ്രൂഷ.
പൂര്ണമായുംകിടപ്പിലായ രോഗികള്ക്ക്പരിഗണന നല്കി കൃത്യമായ ഇടവേളകളില്‍ പരിചരണം നല്‍കുന്നുണ്ട്. പഞ്ചായത്ത്, നഗരസഭാ തലങ്ങളിലായി 80 പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി നഴ്സുമാരെ നിയമിച്ചിട്ടുണ്ട്.
നിശ്ചിത ഓണറേറിയം ഇവർക്ക് അതത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കും. വിദഗ്ധപരിചരണ യൂണിറ്റുകള്‍ ഉള്ള സി എച്ച് സികള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ദേശീയ ആരോഗ്യമിഷന് സ്റ്റാഫ് നഴ്സിനെയും ഫിസിയോതെറാപ്പിസ്റ്റിനെയും നിയോഗിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടറും മേല്‍നോട്ടത്തിനുണ്ടാകും. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ സൈക്കോളജിസ്റ്റി െ ന്റ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.