പ്രതിഷേധങ്ങള്‍ക്കും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്കും വിട; ഇനി ബിഎംബിസി നിലവാരത്തിലെ റോഡുകള്‍
1585362
Thursday, August 21, 2025 6:21 AM IST
അഞ്ചല്‍ : ഏറെ പ്രതിഷേധങ്ങള്‍ക്കും കാത്തിരിപ്പിനും വിരമാം കുറിച്ചുകൊണ്ടു അലയമണ്‍, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന ഇട റോഡുകള്‍ക്ക് ശാപമോക്ഷം. പുത്തയം കാഞ്ഞിരംവിള തോട്ടംമൂക്ക് ഫീല്ഗിരി ഗുഹാക്ഷേത്രം വട്ടത്രാമല പവൂര്‍ റോഡുകള്‍ ബിഎം ബിസി നിലവാരത്തില്‍ നവീകരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.
ചടയമംഗലം എംഎല്‍എയും മന്ത്രിയുമായ ജെ. ചിഞ്ചു റാണിയുടെ ഇടപെടീലിനെ തുടര്‍ന്നു സംസ്ഥാന പൊതുമാരാമത്ത് വകുപ്പ് ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഒന്‍പത് കോടി 90 ലക്ഷം രൂപ ചിലവഴിച്ചുകുണ്ടാണ് റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കുന്നത്.
ഇട്ടിവ കാഞ്ഞിരംവിളയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃതയുടെ അധ്യക്ഷതയില്‍ മന്ത്രി ജെ. ചിഞ്ചു റാണി നിര്‍മാണ പ്രവര്‍ത്തികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ . സാം കെ ഡാനിയേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ ജി. പ്രമോദ്, ബി. ഗിരിജമ്മ, സ്ഥിരം സമിതി അധ്യക്ഷന്‍ ബി. ബൈജു, ഗ്രാമപഞ്ചായത്ത് അംഗം അസീന മനാഫ് തുടങ്ങി ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രസംഗിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി നിരവധി ചെറു പാലങ്ങള്‍, കലിംഗുകള്‍, റോഡുകളുടെ വശങ്ങളില് സുരക്ഷാ ഭിത്തികളുടെ നിര്‍മാണം, സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പടെയുണ്ടാകും. നിര്‍മാണ പ്രവര്‍ത്തികളുടെ 95 ശതമാനവും നടക്കുന്നതു ഇട്ടിവ പഞ്ചായത്തിലാണ്. പൂത്തയം മുതല്‍ കുമാരനെല്ലൂര്‍ പാലം വരെ അരകിലോമീറ്റര്‍ അലയമണ്‍ പഞ്ചായത്തിലും പവൂര്‍ മുതലുള്ള 600 മീറ്റര്‍ ചടയമംഗലം പഞ്ചായത്തിലുമാണ് നിര്‍മാണം .