ജനാധിപത്യം അട്ടിമറിച്ച് നരഭോജികള്‍ അധികാരത്തിലെത്തുന്നു: രമേശ് ചെന്നിത്തല
1582578
Sunday, August 10, 2025 3:38 AM IST
സംസ്കാര സാഹിതി സംസ്ഥാന ക്യാന്പിനു ചരല്‍ക്കുന്നില്‍ തുടക്കം
ചരല്‍ക്കുന്ന് (പത്തനംതിട്ട): സാമൂഹിക മാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തി ജനാധിപത്യ സംവിധാനത്തെ അട്ടിമറി നടത്തി നരഭോജികള്‍ അധികാരത്തില്‍ എത്തുകയാണെന്ന്
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. കെപിസിസി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ക്യാന്പ് ഉ്ദഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവലതുപക്ഷങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ നിരാകരിക്കുന്നതുകൊണ്ട് സോഷ്യല്‍ മീഡിയയാണ് ഇവരുടെ ഏറ്റവും വലിയ ആയുധം. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ച് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ പതിനായിരം ഇരട്ടി വലുപ്പമാണ് സോഷ്യല്‍ മീഡിയ സമ്മാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തെറ്റായ വാര്‍ത്തകളും സത്യമെന്നു തോന്നിപ്പിക്കുന്ന കഥകളും യഥാര്‍ഥ സത്യങ്ങളെ മറച്ചുവച്ചുകൊണ്ടുള്ള ഗോസിപ്പുകളുമാണ് ഇവരുടെ പ്രധാന ആയുധമെന്നും ചെന്നിത്തല പറഞ്ഞു.
ചെയര്മാന് സി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്മാന് എന്‍.വി. പ്രദീപ് കുമാർ, ജനറല്‍ കണ്‍വീനര്‍ ആലപ്പി അഷ്റഫ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളുടെ നേതൃത്വത്തില്‍ സംഘടനാ ചര്‍ച്ച നടത്തി. ജനറല്‍ സെക്രട്ടറി ഷിജു സ്കറിയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഴുത്തുകാരന് വിനോയ് തോമസ് വര്‍ത്തമാനകാലം എഴുത്തും ജീവിതവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ക്യാംപില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 220 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
വൈകുന്നേരം നടന്ന കലാസന്ധ്യ നടന് ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്യാന്പിനെ അഭിസംബോധന ചെയ്യും. മികച്ച യുവസംരംഭകനുള്ള പുരസ്കാരം ബംഗളൂരു ജോസ്കോ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് അഡ്വ. സജു ടി. ജോസഫിനു സമ്മാനിക്കും.
തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ നെഹ്റുവിയന്‍ ആശയം-കാലിക പ്രസക്തി എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സ്റ്റഡി ക്ലാസിന് നേതൃത്വം നല്‍കും. തുടര്‍ന്ന് 11 ന് യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് എംപി, ആന്റോ ആന്റണി എംപി എന്നിവര്‍ പ്രസംഗിക്കും.