ശബരിമല റോഡുകൾക്ക് മുന്തിയ പരിഗണന: മന്ത്രി മുഹമ്മദ് റിയാസ്
1583228
Tuesday, August 12, 2025 3:02 AM IST
റാന്നി: ശബരിമല തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾക്ക് ഏറ്റവും വലിയ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വലിയകാവ് റിസർവ് റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്താകെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ഉള്ളതിൽ 60 ശതമാനവും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. മടത്തുംചാൽ - മുക്കൂട്ടുതറ റോഡിലെ അങ്ങാടി കരിങ്കുറ്റിയിൽ നിന്നും ആരംഭിച്ച വലിയകാവ് വഴി പൊന്തൻപുഴയ്ക്കുള്ള 8.3 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
റോഡിന്റെ ആവശ്യമുള്ള ഭാഗങ്ങളിൽ ഓട, സംരക്ഷണഭിത്തി, കലുങ്കുകൾ ഐറിഷ് ഡ്രയിനുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയകാവ് മുതൽ പൊന്തൻപുഴ വരെയുള്ള ഭാഗം വനമേഖലയിൽ കൂടി കടന്നു പോകുന്നതിനാൽ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് റോഡിനു നിലവിലുള്ള വീതി മാത്രം ഉപയോഗിച്ച് ടാറിംഗ് നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ആൻഡ്രൂസ്, ബ്ലോക്ക് പഞ്ചായത്തംഗം എം. എസ് സുജ, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എൻജിനിയർ ബി. ബാബുരാജ്, ബി. സുരേഷ്, എം. എം. മുഹമ്മദ് ഖാൻ, നിസാംകുട്ടി, ജോർജ് മാത്യു, സനോജ് മേമന, സജി നെല്ലുവേലി, ഓമന രാജൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.