വലഞ്ചുഴിയില്‍ നിര്‍മാണം നിര്‍ത്തിവച്ച കെട്ടിടത്തിൽ വിളയാടിയ സംഘം പിടിയിൽ
1583235
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: വലഞ്ചുഴി കാവ് ജംഗ്ഷന് സമീപം നിര്‍മാണം താത്കാലികമായി നിര്‍ത്തിവച്ചിരുന്ന സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട് കെട്ടിടത്തില്‍ സാമൂഹ്യ വിരുദ്ധര്‍ ദിവസങ്ങളോളം അഴിഞ്ഞാടി. കെട്ടിടത്തില്‍ ആഴ്ചകളോളം താമസിച്ചാണ് പെണ്‍കുട്ടികളടങ്ങുന്ന സംഘം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കെട്ടിടത്തിനു നാശനഷ്ടങ്ങളും വരുത്തിയത്. പ്രദേശവാസികളാരും തന്നെ സംഭവം ആദ്യം അറിഞ്ഞതുമില്ല.
അന്വേഷണങ്ങള്‍ക്കൊടുവില്‍ സംഘാംഗങ്ങളില്‍ ചിലരെ പത്തനംതിട്ട പോലീസ് പിടികൂടി. ഇവരിൽ നല്ലൊരു പങ്കും പ്രായപൂർത്തിയാകാത്തവരാണ്.
മുറികളില്‍ സ്ഥാപിച്ചിരുന്ന എയര്കണ്ടിഷനുകള് വലിച്ചെറിഞ്ഞത് പുറത്തെ കുഴിയില്‍ കണ്ട പരിസരവാസി പറഞ്ഞാണ് കെട്ടിടം ഉടമസ്ഥന് തോളൂര്‍ ഇന്ദീവരത്തില്‍ അവിജിത്ത് വിവരം അറിഞ്ഞത്. കുമ്പഴയിലാണ് അവിജിത്ത് താമസിക്കുന്നത്.
കെട്ടിടത്തില്‍ ഘടിപ്പിച്ചിരുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം നശിപ്പിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് അവിജിത്ത് പറഞ്ഞു.പുതിയ റഫ്രിജറേറ്ററും മൈക്രോവേവ് ഓവനും തകര്‍ത്ത് നടുമുറ്റത്ത് എറിഞ്ഞിട്ടുണ്ട്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ചുമരില്‍ വികൃതമായി പൂശി. 70 സെന്റ് സ്ഥലത്ത് 8000 ചതുരശ്രഅടിയിലുള്ള കെട്ടിടമാണിത്. 10 വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ കെട്ടിടം മൂന്ന് നിലയിലാണ്. രണ്ടാം നിലയിലെ മൂന്ന് മുറികളില്‍ സ്ഥാപിച്ച എസിയാണ് പറമ്പിലെ കുഴിയില്‍ കണ്ടെത്തിയത്. ഉടമസ്ഥരോ പണിക്കാരോ സ്ഥലത്തു വരില്ലെന്നുറപ്പിച്ചശേഷം സംഘാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ ദിവസങ്ങളോളം ആര്ത്തുല്ലസിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
കെട്ടിടത്തിലെ നടുമുറ്റത്ത് ഗോവണി ചാരിവച്ച നിലയിലാണ്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലും കണ്ടെത്തി. വൈദ്യുതീകരണത്തിന് സൂക്ഷിച്ചിരുന്ന വയറുകളുടെ കോപ്പര്‍ മാറ്റിയെടുത്ത ശേഷം ബാക്കി ഭാഗം കത്തിച്ച നിലയിലാണ്. ചില ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോകാനായി പാക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. പരാതിയേ തുടര്‍ന്ന് പോലീസും ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏതാനുംപേരെയാണ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.