വീട്ടമ്മയുടെ പണവും സ്വര്‍ണവും കവര്‍ന്ന സ്ത്രീ അറസ്റ്റിൽ
1583493
Wednesday, August 13, 2025 6:27 AM IST
അടൂർ: ആഭിചാര ക്രീയക്കായി വീട്ടമ്മയുടെ കൈയില്‍ നിന്നും പണവും മൂന്ന് പവന് സ്വര്‍ണവും തട്ടിയ സ്ത്രീ അറസ്റ്റിൽ. പള്ളിക്കല്‍ ആനയടി തെങ്ങമം തോട്ടുവാ തുളസി ഭവനം വീട്ടില്‍ തുളസി ( 57)യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഏനാത്തു കടമ്പനാട് വടക്ക് ചുമട്താങ്ങി ഒറ്റത്തെങ്ങ് പുത്തന്‍ വീട്ടില്‍ ലീലാമ്മ (74)യാണ് കബളിപ്പിക്കപ്പെട്ടത്.
10ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ലീലാമ്മയുടെ വയോധികയായ ഭര്‍ത്താവ് തങ്കച്ചനും മരുമക്കള്‍ക്കും അപകടം സംഭവിക്കാന്‍ പോകുന്നുവെന്നും അതൊഴിവാക്കാന് ആഭിചാര്യ ക്രീയകള്‍ നടത്തണമെന്നും തുളസി വീട്ടുകാരെ പറഞ്ഞു വിശ്വാസിപ്പിച്ചാണ് പണവും സ്വർണവും അപഹരിച്ചതെന്ന് പറയുന്നു. മൂന്ന് പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.
പോലീസിൽ പരാതി നൽകിയതിനേ തുടർന്ന് പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എ. അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.