പുതുക്കട -മണക്കയം റോഡ് നിർമാണം; ബ്ലോക്ക് എൻജിനിയറിംഗ് വിഭാഗത്തിനെതിരേ എംഎൽഎയുടെ പരാതി
1583229
Tuesday, August 12, 2025 3:02 AM IST
റാന്നി: പുതക്കട - മണക്കയം റോഡ്നിർമാണത്തിലെ കാലതാമസവുമായി ബന്ധപ്പെട്ട് റാന്നി ബ്ലോക്കിലെ എൻജിനിയറിംഗ് വിഭാഗത്തിന്റെ അലംഭാവത്തിനെതിരേ എംഎൽഎയുടെ പരാതി. പുതുക്കട - മണക്കയം - ചിറ്റാർ റോഡ് പുനരുദ്ധരിക്കുന്നതിന് ബജറ്റിൽ മൂന്നു കോടി രൂപ അനുവദിച്ചിട്ടും നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നതിൽ തദ്ദേശ സ്ഥാപന എൻജിനിയറിംഗ് വിഭാഗം വരുത്തുന്ന കാലതാമസവും അനാസ്ഥയും പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രമോദ് നാരായൺ എംഎൽഎ, മന്ത്രി എം.ബി. രാജേഷിനു പരാതി നൽകിയത്.
റാന്നി, കോന്നി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതും ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുമുള്ളതുമായ പുതുക്കട - മണക്കയം - ചിറ്റാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എംഎൽഎ എന്ന നിലയിൽ പ്രത്യേകം മുൻകൈയെടുത്താണ് സംസ്ഥാന ബജറ്റിൽ മൂന്നു കോടി രൂപയും പൊതുമരാമത്ത് വകുപ്പിൽ നിന്ന് 1.2 കോടി രൂപയും അനുവദിപ്പിച്ചത്. ഇതുൾപ്പെടെ ഏഴു കോടി രൂപയുടെ പദ്ധതികൾ പിഡബ്ല്യുഡി റോഡ്സ് വിഭാഗം ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി പ്രവൃത്തികൾ ടെൻഡർ നടപടികളിലേക്ക് കടന്നിരുന്നു.
സംസ്ഥാന സർക്കാർ ബജറ്റിൽ റാന്നി ബ്ളോക്ക് പഞ്ചായത്തിൽ പ്രഖ്യാപിച്ചിട്ടുള്ള 21 ഗ്രാമീണ റോഡുകൾ, അഞ്ച് അങ്കണവാടി കെട്ടിടങ്ങൾ എന്നീ പദ്ധതികൾക്കും എസ്റ്റിമേറ്റ് അടക്കമുള്ള അനുബന്ധ രേഖകൾ സമർപ്പിച്ച് ഭരണാനുമതി നേടുന്നതിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിൽ നിന്നും അനാവശ്യമായ കാലതാമസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
എംഎൽഎ യുടെ നിർദേശ പ്രകാരം ജൂൺ ആദ്യവാരം പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ളവർ മണക്കയ പാലം മുതലുള്ള ഭാഗങ്ങൾ നേരിട്ടുസന്ദർശിച്ച് റോഡ് നിർമാണത്തിൽ ഉൾപ്പെടുത്തേണ്ട കര്യങ്ങൾ നേരിട്ട് മനസിലാക്കിയിരുന്നു.
എന്നാൽ പദ്ധതി രേഖ എസ്റ്റിമേറ്റ് എന്നിവ ഇതേവരെ സമർപ്പിച്ചിട്ടില്ല. മല്ലപ്പള്ളി,കോയിപ്രം, ഇലന്തൂർ ബ്ലോക്കുകളിൽ നിന്നുള്ള എസ്റ്റിമേറ്റുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും റാന്നി ബ്ലോക്ക് എൻജിനിയറിംഗ് വിഭാഗം തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് എംഎൽഎ കുറ്റപ്പെടുത്തി. ഇക്കാരണത്താൽ ബജറ്റ് പദ്ധതികൾ നീണ്ടുപോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശവകുപ്പ് ചീഫ് എൻജിനിയറുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും കാലതാമസം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിക്കു പരാതി നല്കിയതെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.