കോഴഞ്ചേരി പുതിയ പാലം അപ്രോച്ച് റോഡ് സ്ഥലത്തിന് ഉടമസ്ഥാവകാശം സ്ഥാപിച്ച് ബോർഡ്
1583499
Wednesday, August 13, 2025 6:27 AM IST
കോഴഞ്ചേരി: കോഴഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്ത് നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതിമുഖേന പുനഃസ്ഥാപിച്ചെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിച്ച് സ്വകാര്യവ്യക്തി ബോർഡ് സ്ഥാപിച്ചു.
തങ്ങളുടേതെന്ന് ഗ്രാമപഞ്ചായത്തും റവന്യു വകുപ്പും അവകാശപ്പെട്ടിരുന്ന വണ്ടിപ്പേട്ടയിലെ 3.75 സെന്റ് സ്ഥലമാണ് കുപ്പയ്ക്കൽ തോമസ് മാത്യുവിന് ഉടമസ്ഥാവകാശം പുനഃസ്ഥാപിച്ച് കോടതി ഉത്തരവുണ്ടെന്ന പേരിൽ ബോർഡ് സ്ഥാപിച്ചത്. അനധികൃത പാർക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ബോർഡാണ് സ്ഥാപിച്ചത്. പരസ്പരം പഴിചാരി നിന്ന രാഷ്ട്രീയകക്ഷികളെ ഇളിഭ്യരാക്കി സ്വകാര്യ വ്യക്തി നഗരമധ്യത്തിൽ സ്വന്തം സ്ഥലം തീർപ്പാക്കി ബോർഡ് വച്ചതോടെ പഞ്ചായത്ത് ഭരണസമിതിയും വെട്ടിലായി. കോഴഞ്ചേരിയിലെ നിർദിഷ്ട പാലത്തിന്റെ അപ്രോച്ച് റോഡിനോടു ചേർന്നതാണ് ഭൂമി.
പാലം പണിയുമായി ബന്ധപ്പെട്ട് വണ്ടിപ്പേട്ടയില്‍ അപ്രോച്ച് റോഡ് വരുന്നതിനാല്‍ വ്യക്തിയുടെ വസ്തുവും നഷ്ടപ്പെടുന്നുവെന്ന പേരിലാണ് ഉടമ ഹൈക്കോടതിയെ സമീപിക്കുകയും പാലം അപ്രോച്ച് റോഡ് പണിക്ക് സ്റ്റേ വാങ്ങുകയും ചെയ്തത്. എന്നാല്‍ കമ്മീഷൻ സ്ഥലം സന്ദർശിച്ചപ്പോൾ പാലം നിർമാണം തടസപ്പെടാതിരിക്കാന്‍ വണ്ടിപ്പേട്ടയില്‍ അളന്ന് തിരിച്ചു കൊടുക്കാമെന്ന് റവന്യു അധികൃതർ കോടതിയെ അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ നിർമാണത്തിനു സ്റ്റേ അനുവദിച്ചില്ല. കഴിഞ്ഞദിവസം വ്യക്തിക്ക് വസ്തു അളന്നു കൊടുത്തു.
30 വര്‍ഷത്തിലധികമായി തുടർന്ന കേസിൽ അനുകൂല ഉത്തരവ് വാങ്ങി അളന്നു തിരിച്ചതോടെ വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന ബോര്‍ഡും സ്ഥാപിച്ചു.
പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്തുകളിയെന്ന് കേരള കോണ്‍ഗ്രസ് -എം
കോഴഞ്ചേരിയുടെ ഹൃദയ ഭാഗമായ വണ്ടിപ്പേട്ടയില്‍ കോടിക്കണക്കിന് വിലവരുന്ന ഭൂമി അന്നത്തെ റവന്യു മന്ത്രി ആയിരുന്ന കെ.എം.മാണി പാര്‍ട്ടിയുടെ നിരന്തരമായ ആവശ്യ പ്രകാരം വ്യക്തികളൂടെ കുത്തകപാട്ടം റദു ചെയ്ത് ഏറ്റെടുത്തതാണെന്നും ഇതിൽ വീണ്ടും സ്വകാര്യവ്യക്തിക്ക് ഉടമസ്ഥാവകാശം സ്ഥാപിച്ചു നൽകുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തുകളിയുടെ ഫലമെന്നും കേരള കോൺഗ്രസ് -എം മണ്ഡലം യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് റെജി വാലേപറന്പിൽ അധ്യക്ഷത വഹിച്ചു.
സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്
ഗ്രാമപഞ്ചായത്തിന്റെ ഉപയോഗത്തില്‍ ഇരുന്ന വണ്ടിപ്പേട്ട കഴിഞ്ഞദിവസം തഹസീല്‍ദാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചേര്‍ന്ന് കോഴഞ്ചേരി പഞ്ചായത്തിനെ അറിയിക്കാതെ അളന്നു തിരിച്ച് വ്യക്തിക്ക് നല്‍കിയതില്‍ ദുരൂഹത ഉണ്ടെന്ന് കോണ്‍ഗ്രസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്ത് കുപ്പക്കല്‍ തോമസ് മാത്യുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ സ്ഥലത്തിന് നഷ്ടപരിഹാരമോ പകരം മറ്റു വസ്തുവോ കണ്ടെത്തി കൊടുക്കാന്‍ തീരുമാനമായിട്ടും റവന്യൂ അധികൃതരോ ഭരണസംവിധാനമോ ഒരു നടപടിയും നടത്തിയില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നാണ് കോൺഗ്രസ് ആരോപണം.
ഗ്രാമപഞ്ചായത്ത് ഭരണസമിതി റവന്യു വകുപ്പുമായി ചേര്‍ന്ന് പകരം വസ്തു കണ്ടെത്തി സ്വകാര്യ വ്യക്തിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ സംവിധാനങ്ങൾ സഹകരിച്ചില്ലെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് കാട്ടുന്ന ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ഇന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് പടിക്കലേക്ക് പ്രകടനവും ധര്‍ണയും നടത്തും.
ബോര്‍ഡ് സ്ഥാപിച്ചത് ഗ്രാമപഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഉപയോഗത്തിലിരുന്ന വണ്ടിപ്പേട്ട പഞ്ചായത്തിനെ അറിയിക്കാത റവന്യു അധികൃതരും പോലീസും എല്‍ഡിഎഫിലെ ചില മെംബർമാരും ചേര്‍ന്ന് കുപ്പക്കല്‍ തോമസ് മാത്യുവിനു വേണ്ടി അളന്നു തിരിച്ച് നല്‍കുകയായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് കുറ്റപ്പെടുത്തി. പഞ്ചായത്ത് കക്ഷി ചേര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
മുന്‍പഞ്ചായത്ത് കമ്മറ്റിയില്‍ വ്യക്തിയുടെ 3.75 സെന്റ് സ്ഥലത്തിന് സമാനമായ വസ്തു റവന്യുവുമായി ചേര്‍ന്ന് കൊടുക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനമെടുത്തിരുന്നു. തീരുമാനം കളക്ടര്‍ക്കും റവന്യുമന്ത്രിക്കും കൈമാറിയിരുന്നു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സ്ഥലമില്ലാത്ത അവസ്ഥയാണ്. ആയതിനാല്‍ പഞ്ചായത്ത് അറിയാത്ത ഈ നടപടിക്കെതിരേ അടിയന്തര കമ്മറ്റി ചേരാനും കളക്ടർക്കും റവന്യുമന്ത്രിക്കും പരാതി നല്‍കുന്നതിനും ആലോചിക്കുകയാണ്.
കോടതി വിധി മാനിച്ച് സര്‍ക്കാരുമായി ചേര്‍ന്ന് മറ്റു വസ്തു കണ്ടെത്തി കൊടുക്കേണ്ട എൽഡിഎഫ് അംഗങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രസിഡന്റ് സാലി ഫിലിപ്പ്, വൈസ് പ്രസിഡന്റ് സി.എം.മേരിക്കുട്ടി, മെംബർമാരായ സുനിത ഫിലിപ്പ്, ജിജി വര്‍ഗീസ് ജോൺ, റാണി കോശി എന്നിവര്‍ ആരോപിച്ചു.
വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നു: എൽഡിഎഫ്
എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുവന്‍ കോഴഞ്ചേരിയിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുകയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം വ്യക്തി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണിയുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതും പാലംപണി നിര്ത്തിവയ്പിക്കാൻ ശ്രമിച്ചതും.
കോടതി നിയമിച്ച കമ്മീഷന് സ്ഥലം പരിശോധിക്കുകയും വ്യക്തി നല്കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് വിലയിരുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി കോടതി സ്റ്റേ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യക്തി വണ്ടിപ്പേട്ടയില്‍ കമ്മീഷന് രേഖപ്പെടുത്തിയ സ്ഥലം കൈയേറി വേലികെട്ടുകയും കോടതി വിധി ഉണ്ടെന്ന് പറഞ്ഞു കൊണ്ട് ബോര്‍ഡ് സ്ഥാപിക്കുകയുമായിരുന്നുവെന്നാണ് സിപിഎം ആരോപണം. കോടതിയുടെ അന്തിമ വിധിഎത്തിയിട്ടില്ലെന്നും വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി തയാറാകുകയാണ് വേണ്ടതെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
ഭൂമി കൈയേറി ബോർഡ് സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി കൂട്ടുനിന്നുവെന്നാരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജാഥ വണ്ടിപ്പേട്ടയില്‍ മുന്‍ എംഎൽഎ എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ണ്‍വീനര്‍ ചെറിയാന് ജോര്‍ജ് തമ്പു അധ്യക്ഷത വഹിച്ചു.