പത്തനംതിട്ട കളക്ടറേറ്റ് മതിലിൽ ഭൈരവി കോലത്തിന്റെ ചിത്രം തെളിഞ്ഞു
1583490
Wednesday, August 13, 2025 6:27 AM IST
പത്തനംതിട്ട: ജില്ലയുടെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകമായ പടയണി ഇനി കളക്ടറേറ്റ് മതിലിലും. പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കളക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്.
പൊതു ഇടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുക, ജില്ലയുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ചിത്രത്തിനു പിന്നിലെ ലക്ഷ്യം. ചായക്കൂട്ടുകളാല്‍ ചുമരില്‍ തീര്‍ത്ത പടയണി പാളക്കോലം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നു. പടയണിയിലെ ഏറ്റവും വലിയ കോലമായ ഭൈരവി സുസ്ഥിരത, സ്ത്രീശക്തീകരണം, നിര്‍ഭയത്വം എന്നിവ പ്രതിഫലിപ്പിക്കുന്നു.
കാതോലിക്കേറ്റ് കോളജിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമായ കെ.എ. അഖില്‍ കുമാർ, ആര്. അജേഷ് ലാൽ, അഖില്‍ ഗിരീഷ് എന്നിവരാണ് ചിത്രരചനയ്ക്ക് ചുക്കാന്‍ പിടിച്ചത്. മാതൃകാ രൂപം തയാറാക്കിയത് റംസി ഫാത്തിമ, ടി. എ. നന്ദിനി എന്നിവരാണ്. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളുമുപയോഗിച്ചാണ് വര പൂർത്തീകരിച്ചത്.