കലഞ്ഞൂർ ജിഎൽപിഎസിൽ ശ്രുതിതരംഗം പദ്ധതി ഉദ്ഘാടനം ചെയ്തു
1583245
Tuesday, August 12, 2025 3:02 AM IST
കലഞ്ഞൂർ: സ്കൂൾ വിശ്രമ വേളകൾ ആസ്വാദ്യകരമാക്കാൻ ശ്രുതിതരംഗവുമായി കലഞ്ഞൂർ ഗവൺമെന്റ് എൽപി സ്കൂൾ.
ഇനി മുതൽ ഇടവേളകളിൽ മലയാളം കവിതകളും ഇംഗ്ലീഷ് റൈമുകളും കേട്ടായിരിക്കും ഇവിടത്തെ വിദ്യാർഥികൾ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുക. സംസ്ഥാനത്തു തന്നെ ആദ്യമായി ഒരു വിദ്യാലയത്തിൽ നടപ്പിലാക്കിയ ഈ സംഗീത ആസ്വാദന പരിപാടി ഏറെ മാതൃകാപരമെന്ന് ഉദ്ഘാടനം നിർവഹിച്ച് കെ. യു. ജനീഷ്കുമാർ എംഎൽഎ പറഞ്ഞു.
ഭക്ഷണത്തിനൊപ്പം കേൾക്കുന്ന വരികൾ വിദ്യാർഥികൾ അറിയാതെ തന്നെ മനസിൽ പതിയും എന്നതാണ് ശ്രുതിതരംഗം പരിപാടിയുടെ പ്രത്യേകത. സംസ്ഥാന ബാലവാകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പും ചേർന്നു നടപ്പിലാക്കുന്ന റേഡിയോ നെല്ലിക്ക അടക്കം പരിപാടികൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കേൾക്കാനും ആസ്വദിക്കാനും പദ്ധതി വേദിയാകുമെന്നും പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ് പറഞ്ഞു.
എസ്എസ്കെ പദ്ധതി പ്രകാരം സ്കൂളിൽ ആരംഭിച്ച ക്ലാസ് റൂം ആസ് ലാബിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. എസ്എംസി ചെയർപേഴ്സൺ ആര്യ ഷിജു അധ്യക്ഷത വഹിച്ചു. ആര്യോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആശ സജി, ബിപിസി വി. ഷബ്നം, മുൻ വാർഡംഗം എസ്.രഘു ഓലിക്കൽ, റോബി സി. പാപ്പൻ, കെ.ഷാജഹാൻ, കെ.പി. ബിനിത എന്നിവർ പ്രസംഗിച്ചു.