വെച്ചൂച്ചിറയിൽ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകും
1583485
Wednesday, August 13, 2025 6:27 AM IST
റാന്നി: വെച്ചൂച്ചിറയിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടി വാക്സീനേഷൻ നൽകാൻ തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്.
തെരുവു നായ്ക്കളെ പിടികൂടുന്നതിന് പരിശീലനം ലഭിച്ചവരെ കണ്ടെത്തുന്നതിന് വെറ്ററിനറി സർജനെ യോഗം ചുമതലപ്പെടുത്തി. ഇതിനായി വരുന്ന ചെലവുകൾ ഗ്രാമ പഞ്ചായത്തിൻ്റെ തനതു വരുമാനത്തിൽ നിന്നും ചെലവഴിക്കും. അടുത്ത ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിൽ പ്രോജക്ട് സമർപ്പിച്ച് അംഗീകാരം വാങ്ങാനും തീരുമാനിച്ചു.
നായ പിടിത്തത്തിൽ പരിശീലനം ലഭ്യമായവരെ ലഭിക്കുന്ന മുറയ്ക്ക് നായ്ക്കളുടെ ശല്യം കൂടുതലായുള്ള കുന്നം വെച്ചൂച്ചിറ, നവോദയ എന്നിവിടങ്ങളിലും സ്കൂളുകൾ, ബസ് സ്റ്റാൻഡ്, റോഡുഭാഗങ്ങൾ , മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടെത്തി വാക്സീനേഷൻ നൽകാനാണ് തീരുമാനം. ഇതിനാവശ്യമായ മരുന്ന് മൃഗസംരക്ഷണ വകുപ്പ് എത്തിക്കും.
തികയാത്ത പക്ഷം ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നതിനാണ് തീരുമാനം. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയിംസ്, നിഷ അലക്സ്, എസ്. രമാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വെറ്ററിനറി സർജൻ തുടങ്ങിയവർ പങ്കെടുത്തു.