മല്ലപ്പള്ളിയിലും പന്തളത്തും കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു
1583233
Tuesday, August 12, 2025 3:02 AM IST
കോഴഞ്ചേരി: കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിൽ ജില്ലയിൽ രണ്ട് ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിച്ചേക്കും. മല്ലപ്പള്ളിയിലും പന്തളത്തുമാണ് രണ്ട് ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള സാധ്യത തേടുന്നത്. ആദ്യഘട്ടത്തില്‍ മല്ലപ്പള്ളിക്കാണ് മുന്തിയ പരിഗണന.
ആവശ്യമായ സ്ഥലം മല്ലപ്പള്ളിയില്‍ ഉണ്ടെങ്കിലും കുറച്ചു ഭാഗം മണ്ണിട്ടു നികത്തണം. ഒന്നരയേക്കര്‍ ഗ്രൗണ്ടാണ് ഡ്രൈവിംഗ് സ്കൂളിനായി വേണ്ടത്. പരിശീലന സ്ഥലവും പ്രത്യേകമായി തയാറാക്കണം. ബസുകൾക്കും നാല് ചക്രവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി പ്രത്യേക പ്ലാറ്റ്ഫോമുകളും ഉണ്ടാകണം.
മല്ലപ്പള്ളിയിലെ സ്ഥലം കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍ പരിശോധിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാറും കോര്പറേഷൻ എംഡിയും ഉള്‍പ്പെടെയുള്ള ഗവേണിംഗ് ബോഡിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. സ്ഥലം യോജിച്ചതാണെന്നു കണ്ടെത്തിയാല്‍ മറ്റു നടപടി വേഗത്തിലാകും.
രണ്ടാംഘട്ടമെന്ന നിലയിലായിരിക്കും പന്തളത്ത് സ്കൂളുകൾ ആരംഭിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ രണ്ട് സബ് ഡിപ്പോകളാണ് പന്തളത്തുള്ളത്. രണ്ടിടത്തും കെഎസ്ആർടിസിക്കു സ്വന്തമായി സ്ഥലമുണ്ട്. മല്ലപ്പള്ളി ഡിപ്പോയിൽ ബസുകൾക്കു പകൽ സമയത്തു പാർക്കിംഗ് ആവശ്യമില്ല. പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് പാർക്കിംഗ്.
ഫീസിലും ഇളവുകൾ
ജനറല്‍ വിഭാഗത്തില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ പരിശീലനത്തിന് 9,000 രൂപ ഫീസ് ഈടാക്കുമ്പോള്‍ എസ് സി, എസ്ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് 7,200 രൂപ മാത്രമാണ് ഫീസ്. ഈ രീതിയിലാണ് മറ്റ് വാഹനങ്ങള്‍ക്കുള്ള പരിശീലനത്തിനും ഫീസ് ഈടാക്കുന്നത്.
കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് നല്‍കണമെന്ന് ആദ്യബാച്ചിലെ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നതായും ഇതു വേഗത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മാവേലിക്കര ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് ആദ്യബാച്ചില്‍ പാസായി പുറത്തുവന്ന പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ വി. എസ്. സിന്ധു പറഞ്ഞു.
ഒരു മാസത്തെ പരിശീലനം
കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകള്‍ ജനകീയമായതോടെയാണ് എല്ലാ ജില്ലകളിലും സ്കൂളുകള്‍ തുടങ്ങണമെന്ന ആവശ്യം ഉയർന്നത്. മറ്റ് സ്വകാര്യ ഡ്രൈവിംഗ് സ്കൂളില്‍നിന്നു വ്യത്യസ്തമായി ഒരു മാസത്തെ പരിശീലനമാണ് പഠിതാക്കള്‍ക്കു ലഭിക്കുന്നത്.
കൂടാതെ കെഎസ്ആര്‍ടിസിയുടെ തന്നെ മികച്ച ട്രെയിനര്‍മാരാണ് പരിശീലകരർ. പരിശീലനത്തോടൊപ്പം തിയറി ക്ലാസുകൾക്കു ഡോക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരും അടക്കം നേതൃത്വം നൽകുന്നുവെന്നതും പ്രത്യേകതയാണ്.
വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ക്കോ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കോ രോഗങ്ങളോ ദേഹാസ്വാസ്ഥ്യമോ ഉണ്ടാകുകയാണെങ്കില്‍ സിപിആര്‍ ഉള്‍പ്പെടെയുളള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതും ക്ലാസുകളില്‍ ഡോക്ടര്‍മാര്‍ പഠിപ്പിക്കും. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ട്രാഫിക് നിയമങ്ങളെ സംബന്ധിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളില്‍ പഠിക്കുന്ന പഠിതാക്കള്‍ക്കു ടെസ്റ്റുകളും മറ്റും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ പരിശീലന കേന്ദ്രങ്ങളില്‍ നേരിട്ടുവന്നാണ് നടത്തുന്നത്.