ടിപ്പർ ലോറി വഴിയിൽ കിടന്നു, കോഴഞ്ചേരി ടൗൺ കുരുങ്ങി
1583491
Wednesday, August 13, 2025 6:27 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രി റോഡിൽ ടിപ്പർ ലോറി കേടായി കിടന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്കിന് ഇടയാക്കി. ഇന്നലെ ഉച്ചയോടെയാണ് വൺവേ റോഡായ ആശുപത്രി റോഡിൽ പാറ ഉത്പന്നങ്ങളും കയറ്റി വന്ന ടിപ്പർ ലോറി കേടായത്.
രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത റോഡിൽ ഇതോടെ ഗതാഗതകുരുക്കായി. വാഹനനിര ടിബി ജംഗ്ഷൻ വരെ നീണ്ടു. അതോടെ രംഗത്തെത്തിയ പോലീസ് സംഘം പൊയ്യാനിൽ ജംഗ്ഷനിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. വൺവേ റോഡുകൾ തടസപ്പെട്ടതോടെ ടൗണിൽ ഇതോടെ കുരുക്ക് രൂക്ഷമായി.
റാന്നി, പത്തനംതിട്ട, ചെങ്ങന്നൂർ, പന്തളം മേഖലകളിലേക്കു പോകുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളും പൂർണമായും കുരുക്കിൽപെട്ടു. ജില്ലാ ആശുപത്രിയിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്തേക്കു പോയ ആംബുലൻസുകളും ഗതാഗതകുരുക്കിലായി. റാന്നി റോഡിൽ വൺവേ നേരത്തെ തന്നെ തടസപ്പെട്ടു കിടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനങ്ങളും നേരിട്ടു തന്നെ ടൗണിലേക്കെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഗതാഗതം നിയന്ത്രിക്കുന്തനിനു മതിയായ പോലീസും ഉണ്ടായില്ല. അനധികൃത പാർക്കിംഗും റോഡുകളുടെ വീതിക്കുറവുമാണ് കോഴഞ്ചേരിയിൽ സ്ഥിരമായ ഗതാഗത പ്രശ്നങ്ങളുണ്ടാക്കുന്നത്.