മേലുകര പള്ളിയോടം നാളെ നീരണിയും
1583502
Wednesday, August 13, 2025 6:27 AM IST
പത്തനംതിട്ട: പുതുക്കിപ്പണിത മേലുകര പള്ളിയോടം നാളെ രാവിലെ 9.30 ന് നീറ്റിലിറക്കും. മേലുകര പള്ളിയോട് സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടം 2011 ലാണ് പണിതിറക്കിയത്. ചോർച്ച ഉൾപ്പെടെ വള്ളത്തിന് കേടുപാടുകൾ കണ്ടതിനേ തുടർന്ന് പൂർണമായി പുതുക്കിപ്പണിതു നീറ്റിലിറക്കുന്നത്.
ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് പണികൾ. അഞ്ചുമാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് വലിയ ആഞ്ഞിലിത്തടികൾ ഇതിനായി ഉപയോഗിച്ചു. അമരം വെള്ളക്കുമ്പിൾ തടി ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. എലിമുള്ളുംപ്ലാക്കലിൽ നിന്നാണ് വെള്ള കുമ്പിൾ തടി ലഭിച്ചത്. തിരുവോണത്തോണി കടന്നുപോകുന്ന വഴിത്താരയിലാണ് കര സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലം മുതൽ പള്ളിയോടം നിലവിലുണ്ടായിരുന്നു.
52 കോൽ നീളമാണ് പള്ളിയോടത്തിനുള്ളത്. ഇതോടെ ആറന്മുളയിലെ ഏറ്റവും നീളമുള്ള പള്ളിയോടമായി മേലുകര മാറും. 64 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുള്ള പള്ളിയോടം വേഗംകൂടി ലക്ഷ്യമാക്കിയാണ് പുതുക്കിയിരിക്കുന്നത്. പടയണിയെ അടിസ്ഥാനമാക്കിയാണ് കൊത്തുപണികൾ ചെയ്തിരിക്കുന്നത്.
1971, 1972, 2000, 2004, 2006, 2007, 2019 വർഷങ്ങളിൽ മന്നം ട്രോഫി നേടിയ കരയാണ് മേലുകര. ധാരാളം രണ്ടാം സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല ചമയത്തിനുള്ള ആർ. ശങ്കർ ട്രോഫിയും നേടിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജലമേളകളിലും നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. 40 ലക്ഷം രൂപ ചെലവായി. മുഖ്യ തച്ചനും കരക്കാരും ചേർന്ന് പള്ളിയോടം നീറ്റിലിറക്കും.
ജനറൽ കൺവീനർ അനൂപ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി രാജേഷ്കുമാർ, ട്രഷറർ ഷാജി ആർ. നായർ, മനു വി. പിള്ള, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.