ഒന്നാം ക്ലാസ് വിദ്യാർഥിയുടെ മരണം; പത്തുലക്ഷം ധനസഹായം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്
1583234
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: ചികിത്സയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി ബാലാവകാശ കമ്മീഷൻ. ചികിത്സാ പിഴവിനേതുടർന്നാണ് കുട്ടിയുടെ മരണമെന്ന് കണ്ടെത്തിയ കമ്മീഷൻ, റാന്നിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്ക്കുമെതിരേ മന:പൂര്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും ഉത്തരവിട്ടു.
വെള്ളിയറ ഗവൺമെന്റ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന ആരോൺ വി. വർഗീസ് 2024 ഫെബ്രുവരി ഒന്നിനാണ് മരിച്ചത്. സ്കൂളിൽ വീണു കൈയ്ക്കു പരിക്കേറ്റ കുട്ടിയെ റാന്നി മാർത്തോമ്മ ആശുപത്രിയിലെത്തിച്ചു.
കുട്ടിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എന്നാൽ നില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതാണ് മരണകാരണമായതെന്നും കണ്ടെത്തി.
അന്വേഷണം നടത്തിയ ബാലാവകാശ കമ്മീഷൻ കർശന നടപടി സ്വീകരിക്കുകയായിരുന്നു. ആരോൺ വി. വർഗീസിന്റ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഹർജിയും റിപ്പോർട്ടുകളും സമഗ്രമായി പരിശോധിച്ചതിൽ കുട്ടിയുടെ ചികിത്സയിൽ പിഴവ് വന്നിട്ടുള്ളതായി ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു.
സ്വകാര്യ ആശുപത്രിക്ക് സഹായമേകാൻ പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി. വലതുകൈക്ക് ഒടിവുമായെത്തിയ വിദ്യാർഥിക്കു ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകിയതാണ് മരണകാരണം. രാസപരിശോധന വൈകിപ്പിച്ചത് മനഃപൂർവമാണ്. അഞ്ചു വയസുകാരന് അടിയന്തരമായി രാത്രി തന്നെ അനസ്തേഷ്യ നൽകേണ്ട ആവശ്യകത സംബന്ധിച്ച് വ്യക്തതയില്ല. കുട്ടിക്ക് വിദഗ്ധ ചികിത്സ നേടുവാനുള്ള അവസരം നിഷേധിക്കപ്പെട്ടതായും ഉത്തരവിൽ പറയുന്നു.
കുട്ടിയെ ചികിത്സിച്ച ഓർത്തോപിഡിക്, അനസ്തേഷ്യ ഡോക്ടർമാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരിൽ ഓർത്തോപീഡിക് ഡോക്ടർക്ക് ട്രാവൻകൂർ - കൊച്ചിൻ രജിസ്ട്രേഷൻ ഇല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമ്മീഷൻ ശുപാർശയിൻമേൽ സ്വീകരിച്ച നടപടികൾ മാർത്തോമ്മ മെഡിക്കൽ മിഷൻ ഡയറക്ടറും പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും അംഗം എൻ. സുനന്ദ ഉത്തരവിൽ നിർദേശിച്ചിട്ടുമുണ്ട്.