വേദിയില്‍ തിരക്ക് ഒഴിവാക്കി, മാതൃകാപരമായ സംഘാടനവുമായി സംസ്കാര സാഹിതി ക്യാമ്പ്
1582988
Monday, August 11, 2025 3:58 AM IST
ചരല്‍ക്കുന്ന്: നിരവധി ക്യാമ്പുകള്‍ക്ക് വേദിയൊരുങ്ങിയിട്ടുള്ള ചരല്‍ക്കുന്നില്‍ കെപിസിസി സംസ്കാര സാഹിത നടത്തിയ സംസ്ഥാന ക്യാമ്പ് ശ്രദ്ധേയമായി. നേതാക്കളുടെ തിക്കുംതിരക്കും കാരണം ഉദ്ഘാടകനുപോലും ഇടമില്ലാതെ പാര്‍ട്ടിവേദികള്‍ അപഹാസ്യമാകുമ്പോള്‍ അത് ഒഴിവാക്കി സ്റ്റേജില്‍ തടിബെഞ്ചും അധ്യക്ഷനും ഉദ്ഘാടകനും മാത്രം. ഒരാളും സ്റ്റേജില്‍ കയറിയില്ല, ഭാരവാഹികളടക്കം സദസിനൊപ്പം ഇരുന്നു.
നേതാക്കന്മാരുടെ പ്രസംഗങ്ങളാണ് ക്യാമ്പിലും സമ്മേളനങ്ങളിലും പതിവ് രീതിയെങ്കില്‍ കോണ്‍ഗ്രസ് നേതാക്കന്മാരില് ക്യാമ്പ് ഉദ്ഘാടനത്തിന് രമേശ് ചെന്നിത്തലയും സമാപനത്തില്‍ അടൂര്‍ പ്രകാശും മുഖ്യപ്രസംഗകരായെത്തി. കെപിസിസിയെ പ്രതിനിധീകരിച്ച് വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എയും പ്രസംഗിച്ചു. പ്രതിനിധികളില്‍ എല്ലാവര്ക്കും അവസരം നല്‍കിയായിരുന്നു സംഘാടനം. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത രണ്ടുദിവസ ക്യാമ്പ് പ്രത്യേകതകള്‍കൊണ്ട് നിറഞ്ഞു.
പങ്കെടുക്കാത്ത നേതാക്കളെ പുറത്താക്കിയും അതിഥികളായി പങ്കെടുത്തവരെ പുതിയ ഭാരവാഹികളായും നോമിനേറ്റ് ചെയ്തു. സ്ഥിര മുദ്രാവാക്യം വിളി, ഷാള്‍ ഇടീല്, പുകഴ്ത്തലുകള്‍ തുടങ്ങിയ പതിവ് വഴിപാടുകള്‍ ഒഴിവാക്കി. ഹരിത ചട്ടപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പട്ടികയും തഴപ്പായും ചേര്‍ത്ത് കമാനങ്ങള്‍ ഒരുക്കി.
അതിഥികള്‍ക്ക് തഴപ്പായിലും പനമ്പിലും ചിത്രം വരച്ച് ഉപഹാരം നല്കി. എല്ലാ സെഷനുകള്‍ക്കും ചെയര്മാന് ആര്. മഹേഷ് എംഎല്‍എ ഹാജര്‍ രേഖപ്പെടുത്തി. ഇത് കോണ്‍ഗ്രസ് നേതൃത്വം മാതൃകയാക്കണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തേക്കുള്ള കര്‍മപരിപാടികള്‍ സി.ആര്. മഹേഷ് എംഎല്‍എ അവതരിപ്പിച്ചു. സെപ്റ്റംബറില്‍ മൂന്നു മേഖലാ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. വടക്കന്‍ മേഖലാ ക്യാമ്പ് കോഴിക്കോട്ടും മധ്യമേഖലാ ക്യാമ്പ് തൃശൂരും തെക്കന്‍ മേഖലാ ക്യാമ്പ് ആലപ്പുഴയില്‍ നടത്തും.
എല്ലാ നിയോജക മണ്ഡലങ്ങളിലും സാഹിതിയുടെ പേരില്‍ ലൈബ്രറികള്‍ ആരംഭിക്കും.