നൂറനാട് അമ്പിളി കൊലക്കേസ് : ഭർത്താവിനും കാമുകിക്കും ജീവപര്യന്തം
1583501
Wednesday, August 13, 2025 6:27 AM IST
ചാരുംമൂട്: ഭാര്യയെ മർദിച്ച് ബോധം കെടുത്തിയശേഷം കെട്ടിത്തൂക്കികൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും കാമുകിക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട ചിറ്റാർ സീതത്തോട് പുത്തൻവിളയിൽ പരേതരായ കരുണാകരന്റെയും തങ്കമ്മയുടെയും മകൾ അമ്പിളി(38)യെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയായ ഭർത്താവ് പാലമേൽ മറ്റപ്പള്ളി ഉളവുക്കാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ (44), ഇയാളുടെ കാമുകിയും രണ്ടാം പ്രതിയുമായ പാലമേൽ മറ്റപ്പള്ളി ഉളവുക്കാട്ട് ശ്രീരാഗ് ഭവനം വീട്ടിൽ ശ്രീലത (53) എന്നിവർക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി. ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. 2018 മേയ് 27 നായിരുന്നു സംഭവം. സുനിൽ കുമാറിന് ശ്രീലതയ്ക്കൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. അമ്പിളിയെ മർദിച്ച് ബോധം കെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
കാമുകിയായ ശ്രീലതയുടെ പ്രേരണയിലാണ് കൃത്യം നടത്തിയതെന്നും അതിനാൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നൂറനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. ബിജു രജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സുനിൽ കുമാറിനെതിരേ കൊലപാതകം, മാരകമായി ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ശ്രീലതയ്ക്കെതിരേ കൊലപാതകം, പ്രേരണ കുറ്റം തുടങ്ങിയ വകുപ്പുകളുമാണ് ചുമത്തിയത്.
പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.