പോളയും പായലും പെരിങ്ങര തോട്ടിൽ നീരൊഴുക്ക് നിലച്ചു
1583231
Tuesday, August 12, 2025 3:02 AM IST
തിരുവല്ല: പോളയും പായലും നിറഞ്ഞ് എക്കൽ അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച് നാശത്തിന്റെ പാതയിലാണ് പെരിങ്ങര തോട്. മണിമലയാറിന്റെ കൈവഴിയായി മണിപ്പുഴയിൽ നിന്നും ആരംഭിച്ച് ചാത്തങ്കരി ആറ്റിലേക്ക് ഒഴുകിയെത്തുന്ന തോടിനാണ് ഈ ദുർഗതി.
വെള്ളപ്പൊക്കങ്ങളിൽ ഒഴുകിയെത്തുന്ന മണ്ണ് അടിഞ്ഞു കൂടിയതോടെ തോടിന്റെ ആഴം കുറഞ്ഞു. പിന്നാലെ പോളയും പായലും കയറി തോട് മൂടി. വശങ്ങളിൽ നിന്നും തോട്ടിലേക്ക് വീണു കിടക്കുന്ന മുളംകൂട്ടവും മരങ്ങളും നീരൊഴുക്കിനു തടസമായി. ഇതോടെ മഴക്കാലത്തും തോട്ടിലെ നീരൊഴുക്ക് നിലച്ച നിലയിലായി.
ഒഴുക്ക് നിലച്ചു കിടക്കുന്ന വെള്ളം മലിനപ്പെട്ടു തുടങ്ങി. പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴാനും വെള്ളം മലിനമാകാനും ഇതുകാരണമാകുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടികൾ പെരുകുന്നത് തദ്ദേശവാസികൾക്ക് കൊതുക് ശല്യത്തിനും ഇടയാക്കുന്നുണ്ട്. തോടി ഇരു കരകളിലുമായി താമസിക്കുന്നവർ ഏതാണ്ട് 15 വർഷങ്ങൾക്കു മുമ്പ് വരെ ഗാർഹിക - കാർഷിക ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്ന തോടാണിത്. അഞ്ചുവർഷം മുമ്പാണ് അവസാനമായി തോട് തെളിച്ചത്.
അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട പെരിങ്ങര, ചാത്തങ്കരി പ്രദേശങ്ങളിലെ വരാൽ പാടം, മാണിക്കത്തടി, കൂരച്ചാൽ, ചാത്തങ്കരി , മനകേരി തുടങ്ങിയ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്ന പ്രധാന ജലസ്രോതസു കൂടിയാണ് നീരൊഴുക്കു നിലച്ചു കിടക്കുന്നത്.
തോട്ടിലെ നീരൊഴുക്ക് നിലയ്ക്കുന്നത് നെൽക്കർഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. സെപ്റ്റംബർ. ഒക്ടോബർ മാസത്തോടെ മേഖലയിലെ പാടങ്ങളിൽ കൃഷി ഒരുക്കങ്ങൾ ആരംഭിക്കും.
തോട്ടിലെ നീരൊഴുക്ക് നിലയ്ക്കുന്നതോടെ പാടശേഖരങ്ങളോടു ചേർന്നുള്ള തോടുകളും വറ്റും. ഇതോടെ കൃഷി ആവശ്യത്തിനുള്ള വെള്ളം വൻ തുക ചെലവഴിച്ച് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. വേനൽ ആരംഭിക്കുന്നതോടെ തോട് പൂർണമായും വറ്റി വരളുന്ന സ്ഥിതിയുമാണ്.