ഓണത്തിനു മുന്‍പെങ്കിലും ശന്പളം കിട്ടുമോ?
1583243
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരു ടേം പിന്നിടുന്പോഴും ദിവസ വേതനത്തിനു പണിയെടുക്കുന്ന ഭൂരിപക്ഷം താത്കാലിക അധ്യാപകർക്കും ശന്പളമായില്ല. സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കു ശന്പളം നൽകാൻ വഴി ഒരുങ്ങിയിട്ടുണ്ടെങ്കിലും എയ്ഡഡ് മേഖലയിലെ നിയമനം അംഗീകരിച്ച് ശന്പളം ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിപ്പ് വേണ്ടിവരും. ഓണത്തിനു മുന്‍പെങ്കിലും ശന്പളം ലഭിക്കുമോയെന്ന് ആരായുകയാണ് അധ്യാപകർ.
കഴിഞ്ഞ വർഷം ജില്ലയിൽ ഒട്ടുമിക്ക ഉപജില്ലകളിലും ഏറെ വൈകിയാണ് ശന്പളം നൽകിയത്. ഡിസംബറിനു ശേഷമാണ് പലർക്കും ശന്പളം ലഭിച്ചു തുടങ്ങിയത്. സ്കൂൾ അടയ്ക്കുന്ന മാർച്ചിൽ ശന്പളം ഒന്നിച്ചു വാങ്ങിയവരുമുണ്ട്.
നടപടിക്രമം പൂർത്തീകരിച്ചാൽ മാനേജർമാർ നൽകുന്ന നിയമന ഉത്തരവ് അംഗീകരിച്ച് ശന്പള ബിൽ പാസാക്കാൻ പല വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ ഓഫീസുകളിലും കാലതാമസം ഉണ്ടാകുന്നുണ്ട്. എന്നാൽ, തസ്തിക അംഗീകരിച്ചു നൽകിയ സ്കൂളുകളിൽ നിയമിച്ചിട്ടുള്ളവരുടെ ബിൽ സമർപ്പിക്കാൻ പ്രഥമാധ്യാപകരോടു നിർദേശിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ ഓഫീസർമാർ പറയുന്നത്.
ഉത്തരവ് ക്ലിയർ
ദിവസ വേതനക്കാർക്കു ശന്പളം അനുവദിക്കണമെങ്കിൽ അലോട്ട്മെന്റ് ഉണ്ടാകണമെന്ന ഒരു ഉത്തരവ് ഇതിനിടെ ധനവകുപ്പ് പുറത്തിറക്കി. അധ്യാപകരുടെ പ്രതിഷേധത്തിനെൊടുവിൽ ഇതു പിൻവലിച്ചു.
കഴിഞ്ഞ ജൂലൈ 29നു പുറത്തിറക്കിയ പുതിയ ഉത്തരവു പ്രകാരം സ്കൂളുകളിൽനിന്നു പ്രധാന അധ്യാപകർ സ്പാർക്ക് മുഖേന അപ് ലോഡ് ചെയ്യുന്ന ബിൽ ഒക്ടോബർ മാസംവരെ അലോട്ട്മെന്റില്ലാതെ തന്നെ കൈമാറാമെന്നു പറയുന്നു. ഉത്തരവ് ലഭിച്ചെങ്കിലും വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായി. ഇതു പരിഹരിച്ചതോടെ സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കാണ് ഗുണകരമായത്. അവർക്കു ശന്പളം ലഭിച്ചു തുടങ്ങി. രണ്ടുമാസത്തെ ശന്പളം പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിച്ചു ലഭിച്ചു.
നിയമനങ്ങളെല്ലാം താത്കാലികം
സംസ്ഥാനത്തുതന്നെ താത്കാലികാടിസ്ഥാനത്തിൽ ഏറ്റവുമധികം അധ്യാപകരെ നിയമിച്ചിട്ടുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. പതിറ്റാണ്ടുകളായി പത്തനംതിട്ട ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ ഓരോ കാരണങ്ങളുടെ പേരിൽ നിയമനം തടയപ്പെടുകയാണ്. പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ കുറവു കാരണം പലേടത്തും സ്ഥിരം തസ്തിക നഷ്ടപ്പെട്ടു. ഇത്തരം നിയമനങ്ങൾ താത്കാലികാടിസ്ഥാനത്തിലായി.
തസ്തിക നിലവിലുണ്ടെങ്കിലും സ്ഥിരം നിയമനം തടഞ്ഞിട്ടുള്ള വിദ്യാലയങ്ങളുമുണ്ട്. ഭിന്നശേഷി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നതാണ് നിലവിൽ നിയമന തടസത്തിനു പ്രധാന കാരണം. യോഗ്യതയുള്ളവരെ താത്കാലികാടിസ്ഥാനത്തിൽ ഓരോ അധ്യയന വർഷവും നിയമിച്ചാണ് സ്കൂളുകൾ മുന്നോട്ടു പോകുന്നത്. സ്ഥിര നിയമനമല്ലാത്തതിനാൽ ദിവസവേതനം നൽകിയാൽ മതിയാകുമെന്നതു സർക്കാരിനും സാന്പത്തിക നേട്ടമാണ്