യുവതിയെ വീടുകയറി ആക്രമിച്ചു; ഭർത്താവ് അറസ്റ്റിൽ
1583241
Tuesday, August 12, 2025 3:02 AM IST
തിരുവല്ല: മദ്യലഹരിയിൽ നിരന്തരം ദേഹോപദ്രവം തുടർന്നപ്പോൾ പിണങ്ങിമാറി, അമ്മയ്ക്കൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടുകയറി ആക്രമിച്ചു.
ബിയർ കുപ്പികൊണ്ടുള്ള ഭർത്താവിന്റെ ആക്രമണത്തിൽ 30 കാരിക്ക് ഗുരുതര പരിക്ക്. വധശ്രമത്തിനു കേസെടുത്ത തിരുവല്ല പോലീസ് യുവതിയുടെ ഭർത്താവ് തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമ്മൂട്ടിൽ വീട്ടിൽ എം. കെ. രാജേഷി (39)നെ അറസ്റ്റ് ചെയ്തു.പോലീസ് ഇൻസ്പെക്ടർ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഏഴുവർഷം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. മദ്യലഹരിയിൽ ഭർത്താവ് നിരന്തരം മർദിക്കുമെന്ന് യുവതി പോലീസിനു മൊഴി നൽകി. തുടർന്ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസം മാറിയ യുവതിയെ കഴിഞ്ഞ പത്തിനു രാവിലെ 9.30 ന് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു.
യുവതിയെ തള്ളിത്താഴെയിട്ടശേഷം ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. കുപ്പികൊണ്ട് കൊണ്ട് കഴുത്തിലും താടിയിലും നെഞ്ചിലും കുത്തി മുറിവേല്പിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. രക്ഷപ്പെട്ട് ഓടിയ യുവതിയെ സഹോദരി ഓട്ടോറിക്ഷയിൽ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എഎസ്ഐ മിത്ര വി. മുരളി ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ രാജേഷിനെ കോടതി റിമാൻഡ് ചെയ്തു.