വയോധികയ്ക്കു മാനസികപീഡനം: ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1583237
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: 86 വയസുള്ള അമ്മയെയും മകനെയും മാനസികമായി പീഡിപ്പിക്കുകയാണെന്ന പരാതിയിൽ എതിർ കക്ഷി സ്ഥലത്തില്ല എന്ന കാരണം പറഞ്ഞ് എഫ്ഐആർ, രജിസ്റ്റർ ചെയ്യാത്ത പോലീസിന്റെ നടപടി ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
പരാതിയിൽ കുറ്റകൃത്യം നടന്നതായി മനസിലാക്കുന്നപക്ഷം കേസ് രജിസ്റ്റർ ചെയ്യാനുള്ള ബാധ്യത ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്കുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാൻ കമ്മീഷൻ നിർദേശിച്ചു. ജില്ലാ പോലീസ് മേധാവി, തിരുവല്ല ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി പ്രാഥമികാന്വേഷണം നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
പരാതിക്കാരനും എതിർ കക്ഷിയും ബന്ധുക്കളാണെന്നും എതിർ കക്ഷി ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
എതിർകക്ഷി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നും പിന്നീട് ബംഗളുരുവിലേക്ക് കടന്നതായും ബന്ധുക്കൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. എന്നാൽ എതിർ കക്ഷി നാട്ടിൽ തന്നെയുണ്ടെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയാറായിട്ടില്ലെന്നും പരാതിക്കാരനായ ചാക്കോ ജേക്കബ് അറിയിച്ചു.