നിർമാണത്തിലിരുന്ന വീട്ടിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനം; പിടിയിലായത് ആറുപേർ
1583488
Wednesday, August 13, 2025 6:27 AM IST
പത്തനംതിട്ട: നിർമാണത്തിലുള്ള സ്വകാര്യ ആയുർവേദ റിസോർട്ടിനുള്ളിൽ അനധികൃതമായി താമസിച്ചു നാശനഷ്ടങ്ങൾ വരുത്തുകയും മോഷണം ഉൾപ്പെടെ സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുകയും ചെയ്ത സംഘത്തിൽ കൗമാരക്കാർ ഉൾപ്പെടെ ആറുപേർ പിടിയിൽ.
പത്തനംതിട്ട, വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ(20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18) പ്രായപൂർത്തിയാകാത്ത മൂന്നുപേർ എന്നിവരാണ് പിടിയിലായത്. കുമ്പഴ പുതുപ്പറമ്പിൽ അവിജിത്ത് ജെ പിള്ളയുടെ വലഞ്ചുഴി കാവ് ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ഒന്നിനും 10 നുമിടയിൽ സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്.
ഫ്രിഡ്ജ്,മൈക്രോവേവ് ഓവൻ, മൂന്ന് എസികൾ, വാക്വം ക്ളീനർ, പ്രഷർ വാട്ടർ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു.
ശുചിമുറിയിലെ ഫിറ്റിംഗുകളും തകർത്തു. നിരവധി സാധനങ്ങൾ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, ആയതിന്റെയെ ല്ലാം ചെമ്പ് കമ്പികൾ എടുക്കുകയും അടുക്കള ഉപകരണങ്ങൾ, വാക്വംക്ലീനർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്ത് അവയുടെ ഇലക്ട്രിക് ഭാഗങ്ങൾ മോഷ്ടിക്കുകയും ചെയ്തു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഒന്പതിനു രാവിലെ 10 ന് വലഞ്ചുഴിയിലുള്ള സുഹൃത്ത് അറിയിച്ചപ്പോഴാണ് അവിജിത്ത് വിവരം അറിയുന്നത്. പരാതിയിൽ കേസെടുത്ത പത്തനംതിട്ട പോലീസ്, ഫോറെൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
വീടിന്റെ ചുറ്റുമതിലിലെ ഇരുമ്പ് ഗ്രില്ലും നഷ്ടമായിട്ടുണ്ട്. ഇതിൽ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കുറ്റാരോപിതരെ കണ്ടെത്തിയ പോലീസ് സംഘം പതിനേഴുകാരായ മൂന്നുപേരെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ കുറ്റങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം റിപ്പോർട്ട് സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.പിന്നീട് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഒന്നുമുതൽ മൂന്നുവരെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂമാന്റെ മേൽനോട്ടത്തിലായിരുന്നു സംഘാംഗങ്ങളെ പിടികൂടിയത്. പോലീസ് ഇൻസ്പെക്ടർ കെ. സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.