ഹരിതകര്‍മ സേനാംഗങ്ങളില്‍നിന്ന് അറിവുകള്‍ തേടി വിദ്യാര്‍ഥി കൂട്ടായ്മ
1583232
Tuesday, August 12, 2025 3:02 AM IST
പത്തനംതിട്ട: പരിസ്ഥിതിയുടെ കാവല്‍ക്കാരായ ഹരിത കര്‍മസേനാംഗങ്ങളെ അവധി ദിനത്തില്‍ ആദരിച്ചും അവരില്‍ നിന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യ സംസ്കരണത്തിന്റെയും ശാസ്ത്രീയ വശങ്ങള് പഠിച്ചെടുത്തും കലഞ്ഞൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിലെ കുട്ടികൾ.
തങ്ങളുടെ വീട്ടില്‍ എത്തുന്ന ഹരിത കര്‍മ സേനാംഗത്തിന് എന്‍എസ്എസ് യൂണിറ്റിന്റെ ആദരം നല്‍കുന്നതോടൊപ്പം അവധി ദിനങ്ങളില്‍ രക്ഷിതാവുമൊത്ത് തങ്ങളുടെ പരിസരത്തെ കുറച്ചു വീടുകളില്‍ ശുചിത്വ ബോധവത്കരണവും പരിസ്ഥിതി സംരക്ഷണ സന്ദേശവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്എസ് വോളണ്ടിയേഴ്സ് അവധി ദിനം മാറ്റിവച്ചത്.
കരിയിലയും പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ സന്ദര്‍ശിച്ച വീടുകളില്‍ പങ്ക് വച്ചതോടൊപ്പം ഇനി തങ്ങളുടെ വീട്ടിലോ പരിസരത്തോ ഇങ്ങനെ ചെയ്യില്ല എന്ന് ഉറപ്പിക്കാനും കഴിഞ്ഞതായി ലീഡർമാരായ ദിയ, അതുല്‍ എന്നിവര്‍ പറഞ്ഞു.
ഹരിത കര്‍മസേന ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും അംഗീകരിക്കേണ്ടതിന്റെ ആവശ്യകത സന്ദര്‍ശിച്ച വീടുകളില്‍ പകര്‍ന്നു നല്‍കിയതിന്റെ ആഹ്ലാദത്തിലാണ് കുട്ടികള്‍. പ്രിന്‍സിപ്പല്‍ എം. സക്കീന പിടിഎ പ്രസിഡന്റ് രാജേഷ് കലഞ്ഞൂര്‍, പ്രോഗ്രാം ഓഫീസര്‍ സജയന് ഓമല്ലൂർ, പി.വി. മനീഷ, വിദ്യാര്‍ഥി നേതാക്കളായ തേജ, ശ്രീനന്ദു, വിവിധ വാര്‍ഡുകളിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.