മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവ് കൊല്ലപ്പെട്ട നിലയിൽ
1583244
Tuesday, August 12, 2025 3:02 AM IST
കൂടൽ: യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. കൂടൽ പുന്നമൂട് പയറ്റുകാലായിൽ രാജനാ(40)ണ് മരിച്ചത്. ഇന്നലെ രാവിലെ ബന്ധു കാപ്പിയുമായി എത്തിയപ്പോൾ രാജനെ താത്കാലിക ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും വൈകുന്നേരത്തോടെ കലഞ്ഞൂരിൽനിന്ന് രാജന്റെ സുഹൃത്തും അയൽവാസിയുമായ അനിലിനെ (44) കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
രാജൻ ഒറ്റയ്ക്കായിരുന്നു താമസം. ഇവിടെയിരുന്ന് രാജനും അനിലും മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാത്രിയിൽ മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നു. ഇതിനിടെ രാജനെ അനിൽ കുത്തുകയായിരുന്നുവെന്ന് പറയുന്നു.
നെഞ്ചിന് താഴെയായിരുന്നു കുത്തേറ്റത്. സംഭവം ആരും അറിഞ്ഞില്ല. മണിക്കൂറുകളോളം ചോര വാർന്ന കിടന്ന രാജൻ പിന്നീട് മരണപ്പെടുകയായിരുന്നു. കാപ്പിയുമായെത്തിയ ബന്ധു അറിയിച്ചതനുസരിച്ചെത്തിയ നാട്ടുകാർ കൂടൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ അനിൽ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ പോലീസ് നാല് സംഘങ്ങളായി നടത്തിയ തെരച്ചിലിനൊടുവിൽ കലഞ്ഞൂരിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്താപുരത്തു നിന്ന് സ്വകാര്യ ബസിൽ കോന്നിയിലേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ്.
പത്തനംതിട്ട ജില്ല പോലീസ് മേധാവി ആർ. ആനന്ദ്, ഡിവൈഎസ്പി അജയ്നാഥ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഫോറെൻസിക് വിഭാഗവും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോന്നി ആശുപത്രിയിലേക്ക് മാറ്റി. രാജൻ അവിവാഹിതനാണ്.