രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
1582585
Sunday, August 10, 2025 3:38 AM IST
പത്തനംതിട്ട: രാഹുൽഗാന്ധി ഉയർത്തിവിട്ട വോട്ട് ബോംബ് ഇന്ത്യൻ ജനത ആവേശംപൂർവം ഏറ്റെടുത്തതായി കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല. ചരൽക്കുന്നിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യംകണ്ട ഏറ്റവും വലിയ വോട്ടു കൊള്ളയാണ് ബിജെപിയും ഇലക്ഷൻ കമ്മീഷനും ചേർന്ന് നടത്തിയിരിക്കുന്നത്. നല്ല ഗൃഹപാഠം നടത്തി പഠിച്ച് ആധികാരികമായാണ് രാഹുൽഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ നടന്ന വോട്ട് അട്ടിമറി അന്നുതന്നെ താൻ ചൂണ്ടിക്കട്ടിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും തിങ്കളാഴ്ച പ്രവർത്തകസമിതി ഇതിനു അന്തിമരൂപം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സമരം വ്യാപകമാകുന്നതോടെ മോദി എന്ന ചീട്ടുകൊട്ടാരം പൊളിഞ്ഞു വീഴുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർ സി എച്ച് ഹാരിസിനെതിരായ നീക്കത്തിനു പിന്നിൽ ആരോഗ്യമന്ത്രി തന്നെ ആണെന്നും നിരപരാധിയായ ഹാരിസിനെ ബലിയാടാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പി മോഹൻരാജ്, എ ഷംസുദ്ദീൻ, വെട്ടൂർ ജ്യോതിപ്രസാദ്, അനീഷ് വരിക്കണ്ണമല എന്നിവർ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.