എല്ലാവര്ക്കും ഭൂമി സർക്കാർ ലക്ഷ്യം: മന്ത്രി കെ. രാജന്
1582586
Sunday, August 10, 2025 3:38 AM IST
കടന്പനാട്: എല്ലാവര്ക്കും ഭൂമി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ. രാജന്. കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും അടൂര്‍ നിയേജക മണ്ഡലത്തിലെ പട്ടയ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഇത് അഞ്ചു ലക്ഷമാക്കാനാണ് ശ്രമം. തല ചായിക്കാന്‍ എല്ലാവര്ക്കും ഭൂമി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വ്യത്യസ്തങ്ങളായ നിരവധി പ്രശ്നങ്ങള്‍ അതിജീവിച്ചാണ് ലക്ഷ്യം കണ്ടത്.
അടൂര്‍ നിയോജക മണ്ഡലത്തിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം നല്കി. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 17 കൈവശക്കാര്‍ പട്ടയം ഏറ്റുവാങ്ങി. പട്ടയത്തിനുള്ള വാര്‍ഷികവരുമാന പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു.
അടൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ടു വില്ലേജ് ഓഫീസുകൾ കൂടി വൈകാതെ സ്മാര്‍ട്ടാകും. ഇതോടെ മണ്ഡലം സമ്പൂര്‍ണ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്ന ലക്ഷ്യത്തിലെത്തുമെന്ന് മന്ത്രി രാജൻ ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, സി. കൃഷ്ണകുമാര്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്,
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷിബു, വിമല മധു, കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗം റ്റി. പ്രസന്നകുമാര്‍, എഡിഎം ബി. ജ്യോതി, അടൂര്‍ ആര്‍ഡിഒ എം. ബിപിന്കുമാര്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ബിജി തോമസ് എന്നിവർ പ്രസംഗിച്ചു.