റാന്നി താലൂക്ക് ഓഫീസ് പരിസരം നായ്ക്കളുടെ താവളം
1582587
Sunday, August 10, 2025 4:22 AM IST
റാന്നി: താലൂക്ക് ഓഫീസിലും കോടതികളിലുമെത്തുന്നവർക്കുനേരേ തെരുവുനായ്ക്കളുടെ ആക്രമണം. നായയുടെ കടിയേൽക്കാതെ രക്ഷപ്പെടാനാകാത്ത സ്ഥിതിയാണ് തോട്ടമൺ ഭാഗത്തെ സർക്കാർ ഓഫീസുകളുടെയും കോടതിയുടെയും വളപ്പിലുള്ളത്.
താലൂക്ക് ഓഫീസ് , സപ്ലൈ ഓഫീസ്,കോടതി ഫയർ ഫോഴ്സ് ആസ്ഥാനം, ട്രഷറിഎന്നിങ്ങനെ നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനും പരിസരവും തെരുവുനായ്ക്കളുടെ താവളമാണ്. കഴിഞ്ഞയിടെ കോടതിയിൽ നിന്ന് മറ്റുള്ളവർക്കൊപ്പം ഇറങ്ങി വന്ന ജൂണിയർ അഭിഭാഷകയെ നായ ആക്രമിക്കാൻ ശ്രമിച്ചു. ഭയന്നു പോയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് സപ്ലൈ ഓഫീസിൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എത്തിയ വയോധികയെയും നായ ആക്രമിച്ചു. ആരും കൂട്ടില്ലാതെ ഒറ്റയ്ക്കു വന്ന വയോധികയെ പിന്നിട് നാട്ടുകാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആശുപത്രിയിൽ ദിവസങ്ങളോളം കഴിയുകയും ചെയ്യേണ്ടിവന്നു.
പത്തിലേറെ വരുന്ന തെരുവുനായ്ക്കൾ താലൂക്ക് ഓഫീസ് ആസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നതു മൂലം ഇവിടെയുള്ള ഓഫീസുകളിലേക്ക് ആളുകൾക്ക് നടന്നു പോകാനും തിരികെ വരാനും ഭയമാണ്. ഉദ്യോഗസ്ഥരിലേറെയും വാഹനങ്ങളിൽ ഓഫീസുകളിലെത്തുന്നതു മൂലം പട്ടികളെ ഭയക്കാതെ എത്താം. എന്നാൽ കാൽനടയായി എത്തുന്നവരെയാണ് നായ ആക്രമിക്കുന്നത്.
ഭക്ഷണ മാലിന്യങ്ങൾ തേടി
മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ജീവനക്കാരുടെ ഭക്ഷണപ്പൊതികളിൽ നിന്നും മറ്റുമായി ലഭിക്കുന്ന അവശിഷ്ടങ്ങൾ തേടിയാണ് നായ്ക്കൾ പകൽസമയത്ത് തന്പടിക്കുന്നതെന്ന് പറയുന്നു. കൂടാതെ ചില സർക്കാർ ജീവനക്കാർ ഭക്ഷണാവശിഷ്ടങ്ങളും ബിസ്ക്കറ്റുമൊക്കെ നായ്ക്കൾക്ക് കൃത്യമായി നൽകാറുമുണ്ട്.
ഭക്ഷണം കിട്ടുന്നതിനാൽ അവ ഈ ഭാഗത്ത് കൂട്ടമായി കഴിയുകയും വഴി പോക്കരെയും സർക്കാർ ഓഫിസുകളിലെത്തുന്ന വരെയും ആക്രമിക്കുകയുമാണ്. കടിയേൽക്കുന്നവർക്ക് പിന്നീട് ആശുപത്രികൾ തേടി ചികിത്സക്ക് നടക്കേണ്ടി വരുന്ന അവസ്ഥയുണ്ട്.
നായ്ക്കളിൽ നല്ലൊരു പങ്കിനും പേ വിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളതായാണ് പറയപ്പെടുന്നത്. കഴിഞ്ഞയാഴ്ചയിൽ വെച്ചൂച്ചിറയിൽ വിദ്യാർഥിനി ഉൾപ്പെടെ അഞ്ചു പേർക്കാണ് ഒരേ നായയുടെ കടിയേറ്റത്. നിരവധി തെരുവു നായകളെയും ഈ പട്ടി അന്നു കടിച്ചിരുന്നു.
നായയ്ക്ക് പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാനെങ്കിലും പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.