അന്താരാഷ്ട്ര യുവജന ദിനം: റെഡ് റിബണ്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു
1582592
Sunday, August 10, 2025 4:22 AM IST
പത്തനംതിട്ട: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി, എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ റെഡ് റിബണ്‍ പ്രശ്നോത്തരി തുമ്പമണ്‍ ജില്ലാ ട്രെയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ചു.
കോന്നി ആരോഗ്യബ്ലോക്കിന്റെ പരിധിയിലുള്ള പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എ. ജി. മഹേശ്വര്, അഭിഷേക് പി. നായര്‍ സഖ്യം ഒന്നാം സ്ഥാനവും ഇലന്തൂര്‍ എസ്എന്‍ഡിപി ഹൈസ്കൂളിലെ ദേവഹിത്, അക്ഷര സുരേഷ് സഖ്യം രണ്ടാം സ്ഥാനവും തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്. ആവണി, ഐറിന് സാറ ബിജു സഖ്യം മൂന്നാം സ്ഥാനവും നേടി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 5000, 4000, 3000 രൂപയും മത്സരാർഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ചവര്‍ 11 ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല റെഡ് റിബണ്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും.
നൂറോളം സ്കൂളുകളില്‍ നിന്നു ബ്ലോക്ക്തല മത്സരവിജയികളായ 10 ടീമുകളാണ് ജില്ലയില്‍ മാറ്റുരച്ചത്. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. നിരണ് ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, തുമ്പമണ്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആൻഡ് മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആശ എന്നിവര്‍ പ്രസംഗിച്ചു.