വന്യമൃഗങ്ങളുടെ കാടിറക്കം: ശാസ്ത്രീയ പരിഹാരങ്ങളില്ലാതെ വനംവകുപ്പ്
1582975
Monday, August 11, 2025 3:50 AM IST
ഭീഷണി കൂടുതല്‍ മേഖലകളിലേക്ക്
പത്തനംതിട്ട: വന്യമൃഗങ്ങളുടെ കാടിറക്കം അനുദിനം വര്‍ധിച്ചുവരുമ്പോഴും ശാസ്ത്രീയ പരിഹാരമാര്ഗങ്ങളില്ലാതെ വനംവകുപ്പ്. കാടിറങ്ങുന്ന മൃഗങ്ങളെ പിടിക്കാന്‍ കൂടുമായി കാത്തിരിക്കുന്ന വനംവകുപ്പിനെ ഇളിഭ്യരാക്കി കടുവയും പുലിയും ആനയുമെല്ലാം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.
കൃഷി നശിപ്പിച്ച്, വളര്‍ത്തുമൃഗങ്ങളെ കൊന്ന്, മനുഷ്യജീവനുതന്നെ ഭീഷണിയായി വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കലഞ്ഞൂര്‍, കൂടല്‍ മേഖലകളില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും ഇതാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒട്ടുമിക്ക ദിവസങ്ങളിലും പുലി ഈ മേഖലകളില്‍ ഇറങ്ങി. ഒരാഴ്ച മുമ്പുതന്നെ കലഞ്ഞൂര്‍ പൂമരുതിക്കുഴിയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ആടിനെ ഇരയാക്കി കെട്ടുകയും ചെയ്തു.
കൂടിനു സമീപംവരെ കഴിഞ്ഞദിവസം പുലിയും കുഞ്ഞുങ്ങളും വന്നുപോകുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു. മുമ്പു മൂന്നുതവണ കലഞ്ഞൂര്‍ മേഖലയില്‍ പുലിയെ കൂട്ടില്‍ കുടുക്കിയിട്ടുണ്ടെങ്കിലും ഇത്തവണ പൂമരുതിക്കുഴി, പാക്കണ്ടം മേഖലകളില്‍ പുലിയുടെ സാന്നിധ്യം ഒരേപോലെ വ്യക്തമാണെങ്കിലും കെണിയില്‍ കുടുക്കാനായിട്ടില്ല.
കാടിറങ്ങലിന്റെ കാരണം
വന്യമൃഗങ്ങള്‍ അവരുടെ നൈസര്‍ഗിക വാസസ്ഥലം ഉപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലേക്കും ജനവാസമേഖലകളിലേക്കും എത്തുന്നത് ഏറെക്കാലമായി നിരീക്ഷിക്കപ്പെടുന്ന പ്രശ്നമാണ്.
വനത്തിനുള്ളില്‍ ജൈവവൈവിധ്യത്തില്‍ സംഭവിക്കുന്ന കുറവ് മൃഗങ്ങളെ ഭക്ഷണത്തിനായി പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടമാണ്.
വനമേഖലയുടെ വിസ്തീര്ണക്കുറവും പ്രധാന വിഷയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും കോന്നി വനമേഖലയില്‍ ഇതൊരു കാരണമാകുന്നില്ല. കാട്ടിനുള്ളിലെ വംശവര്‍ധന പ്രധാന പ്രശ്നമായി മാറായിരിക്കുകയാണ്.
പുതിയ മേഖലകള്‍ തേടി കാടിനു പുറത്തേക്ക് ഇവ എത്തുന്നതായി സാമൂഹ്യ പ്രവര്ത്തകന് രാജീസ് കൊട്ടാരം ചുണ്ടിക്കാട്ടി. മനുഷ്യന് കാട്ടിനകത്തേക്ക് കൂടുതല്‍ കയറി കൃഷിയിറക്കുന്നത്, ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് തുടങ്ങിയവ മൃഗങ്ങളുടെ ശാന്തജീവിതത്തില്‍ കടന്നു കയറിയിട്ടുണ്ട്. വനത്തോടു ചേര്‍ന്ന മേഖലകളിലെ വിവിധ കൃഷിരീതികളും അപകടകരമാണ്.
ശാസ്ത്രീയ മാര്‍ഗങ്ങള്‍
വനമേഖലയുടെ അതിരുകള്‍ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെന്‍സറുകള്‍ സ്ഥാപിച്ച് മൃഗങ്ങളുടെ നീക്കം നിരീക്ഷിക്കുക, ബയോഫെന്‍സിംഗ് വയര്‍ ഫെന്‍സ് അല്ലെങ്കില്‍ കട്ടിയുള്ള പുല്ലുവേലി ഉപയോഗിച്ച് തടയുക എന്നിവ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങളാണെന്ന് ഡോ. ജോമി ലിനു പറഞ്ഞു. കാടിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആഹാരം കിട്ടുന്ന വിധത്തില്‍ പ്രത്യേക ഭക്ഷ്യമേഖലയെ സജ്ജമാക്കുക.
റേഡിയോ കോളര്‍ ട്രാക്കിംഗ്, സ്ഥിരമായി നാട്ടിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ സ്ഥിരമായി മറ്റു സുരക്ഷിത കാടുകളിലേക്ക് മാറ്റുക തുടങ്ങി തദ്ദേശവാസികള്‍ക്കൊപ്പം പരിശീലനവും അവബോധവും നല്കി പ്രതിരോധം ശക്തിപ്പെടുത്തുക തുടങ്ങിയവ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങളായി അവലംബിക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.