വീടുകള്‍ക്ക് ഭീഷണിയായി സംസ്ഥാന പാതയോരത്ത് മരങ്ങള്‍
1582976
Monday, August 11, 2025 3:50 AM IST
തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയോരത്ത് വളര്ന്നുനില്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വീടുകള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു.
അമ്പലപ്പുഴ റോഡില്‍ പൊടിയാടി വൈക്കത്തില്ലം പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേര്‍ന്നുള്ള വൈക്കത്തില്ലം - കാര്ത്തികപ്പടി റോഡിലെ 25 ഓളം കുടുംബങ്ങള്‍ക്കാണ് വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങള്‍ ഭീഷണിയാകുന്നത്.
കരിങ്കല്‍ നിര്‍മിത അപ്രോച്ച് റോഡിന്റെ പല ഭാഗങ്ങളും വീണ്ടുകീറിയ നിലയിലാണ്. അര നൂറ്റാണ്ടോളം കാലപ്പഴക്കമുള്ള അഞ്ച് മരങ്ങളാണ് വീടുകള്‍ക്കു മുകളിലേക്കടക്കം ചെരിഞ്ഞ് നില്‍ക്കുന്നത്.
മരങ്ങളുടെ കൂറ്റന്‍ ശിഖരങ്ങള്‍ പലതും ഉണങ്ങി നില്‍ക്കുകയാണ്. അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തിയും മരങ്ങളും ഉള്‍പ്പെടെ ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയാണ്. മരങ്ങള്‍ നിലംപൊത്തിയാല്‍ നാലു വീടുകള്‍ പൂര്‍ണമായും തകരാന്‍ സാധ്യതയുണ്ട്.
റോഡിലൂടെ കടന്നുപോകുന്ന വൈദ്യുത പോസ്റ്റുകളും മരങ്ങള്‍ക്കൊപ്പം വീടുകള്‍ക്കു മുകളിലേക്ക് വീഴാം. അപ്രോച്ച് റോഡിലെ മരങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച് പല ഗ്രാമസഭകളിലും പരാതികള്‍ പറഞ്ഞെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് മെംബര്‍ മായാ ദേവി പറഞ്ഞു.