പുഷ്പഗിരി ‘പാഥേയം ദ സെന്‍ട്രല്‍ കിച്ചണ്‍’ പ്രവര്‍ത്തനമാരംഭിച്ചു
1582981
Monday, August 11, 2025 3:50 AM IST
തിരുവല്ല: 13,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുഷ്പഗിരിയില്‍ പാചക വിതരണ സംഭരണശാല മലങ്കര കത്തോലിക്കാ സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, മാത്യു ടി. തോമസ് എംഎല്‍എ, നഗരസഭാധ്യക്ഷ അനു ജോര്‍ജ്, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ജേക്കബ് പുന്നൂസ്, സിഇഒ റവ. ഡോ. ബിജു വര്‍ഗീസ് പയ്യമ്പള്ളില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഏബ്രഹാം വര്‍ഗീസ്, അഡീഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മാത്യു പുളിക്കന്‍, പുഷ്പഗിരി കോളജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സന്തോഷ് എം. മാത്യൂസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സെറാമിക് ബര്‍ണര്‍ ഇന്‍ഡക്ഷന്‍ സംയോജിത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഹൈബ്രിഡ് കിച്ചണില്‍ 500 ലിറ്റര്‍ ശേഷിയുള്ള ബോയിലിംഗ് ടില്‍ട് പാന്‍, 300 ലിറ്റര്‍ ശേഷിയുള്ള ബ്രാറ്റ് പാന്‍, മണിക്കൂറില്‍ 5,000 ഇഡലി, 2,000 ചപ്പാത്തി എന്നിവയുണ്ടാക്കാനുള്ള ഉപകരണങ്ങള്‍, കിടപ്പുരോഗികള്‍ക്കായി ഭക്ഷണം ഒരുക്കുന്ന ട്യൂബ് ഫീഡിംഗ് പ്രിപ്പറേഷന്‍ യൂണിറ്റ്, ബേക്കിംഗ് യൂണിറ്റ് തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.
ശുചിത്വം ഉറപ്പാക്കാനനുയോജ്യമായ കോട്ടാ സ്റ്റോണ്‍ പ്രതലം മറ്റൊരു സവിശേഷതയാണ്. പുഷ്പഗിരിയില്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ദിവസേന 5,000 ലധികം ആളുകള്‍ക്കായി ഡയറ്റീഷ്യന്സിന്റെയും പാചക വിദഗ്ധന്റെയും നേതൃത്വത്തില്‍ ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷണം യഥാസമയം ഡിജിറ്റല്‍ ഓര്ഡറിംഗിലൂടെ നല്കുകയായണ് ലക്ഷ്യം.