പോലീസ് നടപടികളിലെ പരാതി; ഫോണിന് വിശ്രമമില്ല
1582984
Monday, August 11, 2025 3:50 AM IST
പത്തനംതിട്ട: പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ പ്രതികരണം അറിയിക്കാനായി ജില്ലാ പോലീസ് സജ്ജമാക്കിയ ഫോണിലേക്ക് പരാതികളുടെ പ്രവാഹം. ഫോണ്‍ നമ്പര്‍ ഔദ്യോഗികമായി നിലവില്‍വന്നിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂവെങ്കിലും നൂറുകണക്കിന് പരാതികള്‍ ഇതിനോടകം ലഭ്യമായി.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പരാതികളും നടപടികളിലെ പ്രതികരണവും പൊതുജനങ്ങള്‍ക്ക് പോലീസ് മേലധികാരികളെ നേരിട്ട് അറിയിക്കാനായാണ് പ്രത്യേക ഫോണ്‍ വാട്സ്ആപ് സൗകര്യത്തോടെ സജ്ജീകരിച്ചത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ജില്ലാ പോലീസ് മേധാവി ആര്. ആനന്ദാണ് നിര്‍വഹിച്ചത്.
സമൂഹ മാധ്യമങ്ങളിലടക്കം ഫോണ്‍ നമ്പര്‍ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നും വിളിയെത്തി. നിര്‍ദേശങ്ങളും പരാതികളും അഭിനന്ദനങ്ങളുമൊക്കെയായി വിളികളുടെ ഘോഷയാത്രയായതോടെ നിന്നുതിരിയാന്‍ സമയമില്ലാത്ത നിലയിലായി ചുമതലയുള്ള ഉദ്യോഗസ്ഥര്‍.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍നിന്നുമായി ശനിയാഴ്ച മാത്രം ലഭിച്ചത് നൂറിലധികം കോളുകളാണ്. ഇന്നലെയും വിളികള്‍ക്ക് കുറവുണ്ടായില്ല. മറ്റു ജില്ലകളില്‍നിന്നു വിളിച്ചവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി അതത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പബ്ലിക് ഫീഡ് ബാക്ക് നമ്പര്‍ പത്തനംതിട്ടയില്‍
പത്തനംതിട്ട ജില്ലയിലെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നല്‍കാനാണ് പബ്ലിക് ഫീഡ്ബാക്ക് നമ്പര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ചില സമൂഹ മാധ്യമപേജുകള്‍ ഇത് സംസ്ഥാനതല നമ്പര്‍ എന്ന തരത്തില്‍ തെറ്റായി നല്കി. ഇതോടെയാണ് മറ്റു ജില്ലകളില്‍നിന്നും വിളി വന്നത്.
9497908554 എന്ന പുതിയ മൊബൈല്‍ നമ്പറില്‍ വിളിക്കാമെന്നായിരുന്നു അറിയിപ്പ്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നമ്പര്‍ പതിപ്പിച്ചിട്ടുണ്ട്.
കൂടാതെ പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പോലീസില്‍നിന്നുള്ള അനുഭവവും പരാതികളില്‍ എടുത്ത നടപടികളും മറ്റും അറിയിക്കാനുള്ള ക്യുആര്‍ കോഡ് സംവിധാനവും എല്ലാ സ്റ്റേഷനുകളിലും നിലവിലുണ്ട്. ഇതിന്റെ സ്വീകാര്യത ഉയര്‍ത്തുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
സ്റ്റേഷനില്‍ നിലവിലുള്ള ക്യുആര്‍ കോഡ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സ്കാന്‍ ചെയ്ത് സ്റ്റേഷനിലുണ്ടായ അനുഭവങ്ങള്‍, നടപടികള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ അതില്‍ ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾ ഷീറ്റില്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഇതിനു പുറമേയാണ് പുതിയ ഫോണ്‍ നമ്പര്‍ പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നമ്പരില്‍ പരാതികള്‍ തുടങ്ങിയുള്ള ഏത് കാര്യത്തിനും സ്റ്റേഷനില്‍നിന്ന് ലഭിച്ച പ്രതികരണം അറിയിക്കാം.
ജില്ലാ പോലീസ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പെറ്റീഷന് സെല്ലിലാണ് ഈ നമ്പരില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ പരിശോധിക്കുന്നത്. കൂടാതെ ക്യുആര്‍ കോഡ്, തുണ പോര്‍ട്ടല്‍ തുടങ്ങിയവ മുഖേനയുള്ള സന്ദേശങ്ങളും പ്രതികരണങ്ങളും പരിശോധിക്കും. ഇതുവഴി തുടര്‍നടപടികള്‍ വേഗത്തിലാവുകയും ചെയ്യും.