ജില്ലയിലെ 31 സിഡിഎസ് ഓഫീസുകള്‍ ഐഎസ്ഒ നിലവാരത്തില്‍
1594787
Friday, September 26, 2025 2:52 AM IST
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷനു കീഴിലുള്ള 31 സിഡിഎസുകള്‍ ഐഎസ്ഒ നിലവാരത്തിലേക്ക്. സംസ്ഥാനത്ത് ആദ്യഘട്ടം ഐഎസ്ഒ പൂര്‍ത്തീകരിക്കുന്ന രണ്ടാമത്തെ ജില്ലയാണ് പത്തനംതിട്ട. സംസ്ഥാനതലത്തില്‍ 617 സിഡിഎസ് ഓഫീസുകളാണ് ഐഎസ്ഒ അംഗീകാരം നേടിയത്.
ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി കിലയെ ആണ് ചുമതലപ്പെടുതിയിരുന്നത്. സിഡിഎസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സിഡിഎസുകളില്‍ ക്വാളിറ്റി മാനേജമെന്റ് സിസ്റ്റം നടപ്പാക്കി.
കേരള സര്‍ക്കാര്‍ രൂപകല്പന ചെയ്ത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ്, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ ഭിന്നശേഷി, വയോജന സൗഹൃദ സേവന സംവിധാനം എന്നിവ ഗുണമേന്മ നിര്‍വചിക്കാനുള്ള ഘടകങ്ങളായിരുന്നു.
കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും വിധമാണ് സിഡിഎസ് ഓഫീസുകളുടെ സജ്ജീകരണം.ഇതിനായി ഫ്രണ്ട് ഓഫീസ്, ഹെല്പ് ഡെസ്ക് സൗകര്യങ്ങള്‍, രേഖകളുടെ പരിപാലനം, സി ഡി എസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണമേന്മ നയരൂപവത്കരണം എന്നിവ കാര്യക്ഷമമായി നടന്ന വരുന്നു.
അക്കൗണ്ടിംഗ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് വര്‍ഷത്തില്‍ രണ്ടു തവണ ഇന്റേണല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ വര്‍ഷവും സ്റ്റാറ്റിറ്റ്യൂട്ടറി ഓഡിറ്റ് നടത്തി ഗുണനിലവാരം ഉറപ്പുവരുത്തും. ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്രയായ ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷനാണ് സിഡിഎസുകള്‍ കരസ്ഥമാക്കിയത്.
കുടുംബശ്രീ അംഗങ്ങളെ സ്വയംപര്യാപ്തരാക്കുക, യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും സിഡിഎസുകള്‍ നടപ്പാക്കുന്നു.
കൂടാതെ, കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പിന്തുണയോടെ വിവിധ പദ്ധതികള്‍ കാര്യക്ഷമതയോടെ നടത്താനും കുടുംബശ്രീ സിഡിഎസുകള്‍ നടത്തുന്ന പരിശ്രമവും ഈ നേട്ടത്തിന്റെ തിളക്കംകൂട്ടുന്നു.