‘വിഷന്‍ 2031’ ഗതാഗത സെമിനാര്‍ 15ന് തിരുവല്ലയിൽ
1594800
Friday, September 26, 2025 3:02 AM IST
പത്തനംതിട്ട: ഗതാഗത മേഖലയിലെ ഭാവിവികസനം സംബന്ധിച്ച് വിഷൻ 2031, ഗതാഗതം സെമിനാർ 15ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ഹാളിൽ നടക്കും. സംഘാടകസമിതി രൂപീകരണം ഇന്നലെ പത്തനംതിട്ടയിൽ നടന്നു. ഗതാഗതരംഗത്ത് മാറ്റം സൃഷ്ടിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന വേദിയായി സെമിനാര്‍ മാറുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ഗതാഗതമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര് സെമിനാറില്‍ പങ്കെടുക്കും. ഗതാഗതമേഖലയില്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ആറു മാസത്തിനിടെ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. കൃത്യമായ ബോധവത്കരണത്തിലൂടെയാണ് ഇതു സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. ആധുനികവത്കരണ പാതയിലാണ് ഗതാഗത വകുപ്പ്. വാഹന്‍ ഉള്‍പ്പെടെയുള്ള സോഫ്റ്റ്വേറുകളെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ചലോ ആപ്പ്, പാസഞ്ചര്‍ കാര്‍ഡ് തുടങ്ങിയവ ഗതാഗതമേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സ്വതന്ത്രമനോഭാവത്തോടെ എല്ലാവരുടെയും പങ്കാളിത്തം സെമിനാറില്‍ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
കെ.യു. ജനീഷ് കുമാർ എംഎൽഎ പ്രസംഗിച്ചു. സെമിനാര്‍ രൂപരേഖ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറി പി.ബി. നൂഹ് അവതരിപ്പിച്ചു. രാവിലെ 8.30ന് രജിസ്ട്രേഷന് ആരംഭിക്കും. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടം അവതരിപ്പിക്കും. ഭാവിയിലെ പ്രവര്‍ത്തനത്തെ കുറിച്ച് മന്ത്രി വിശദീകരിക്കും. തുടര്‍ന്ന് ചര്‍ച്ചയിലൂടെ ക്രോഡീകരിക്കുന്ന ആശയം ചേര്‍ത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ചെയര്‍പേഴ്സണായുള്ള പൊതുസംഘാടക സമിതിക്കു രൂപം നല്കി. മന്ത്രി വീണാ ജോര്‍ജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരാണ്.
കേരള റോഡ് സേഫ്റ്റി അഥോറിറ്റി കമ്മീഷണര്‍ നിധിന് അഗര്‍വാള്‍ രക്ഷാധികാരിയും ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറി പി. ബി. നൂഹ് ജനറല്‍ കണ്‍വീനറുമാണ്. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ജോയിന്റ് കണ്‍വീനറുമായിരിക്കും.
ജലഗതാഗത വകുപ്പ് ഡയറക്ടര ഷാജി വി. നായര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡിയുമായ പ്രമോജ് ശങ്കര്‍, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തി ൽ പങ്കെടുത്തു.