മഴ വീണ്ടും കനത്തു : ഇലന്തൂരിൽ റോഡിലേക്ക് മണ്ണിടിഞ്ഞു
1594789
Friday, September 26, 2025 2:52 AM IST
പത്തനംതിട്ട: ശക്തമായ മഴയേ തുടർന്ന് കുമ്പഴ - തിരുവല്ല സംസ്ഥാന പാതയിൽ ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിക്ക് സമീപം വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ളാഹോത്ത് ജോർജ് ഈശോയുടെ വീടിനു മുന്നിലായി റോഡ് നിരപ്പിൽനിന്ന് എട്ടടിയോളം ഉയരത്തിലുള്ള സംരക്ഷണമതിൽ 70 മീറ്ററോളം നീളത്തിൽ ഇടിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു.
വൈകുന്നേരം അഞ്ചോടെയാണ് മതിൽ വലിയ ശബ്ദത്തോടെ തകർന്നത്. ഫയർഫോഴ്സും ജെസിബിയും എത്തി മണ്ണു നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മതിൽ തകർന്നതിനാൽ വീടിനും ബലക്ഷയമുണ്ടായിട്ടുള്ളതായി ജോർജ് ഈശോ പറഞ്ഞു. കഴിഞ്ഞ രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴയാണ് ചെയ്തതെന്ന് ഗ്രാമപഞ്ചായത്തംഗം വിൻസൻ തോമസ് ചിറക്കാല പറഞ്ഞു.
ഇന്നലെ പകൽ കനത്ത മഴയാണ് പെയ്തത്. പത്തനംതിട്ട നഗരത്തിലും കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ഉപറോഡുകളിൽ മിക്കയിടത്തും മുട്ടറ്റം വെള്ളമായിരുന്നു. മിനി സിവിൽ സ്റ്റേഷൻ റോഡിലും വെള്ളമൊഴുക്ക് ശക്തമായിരുന്നു.