പായലും പോളയും നീക്കാൻ പദ്ധതി; കേന്ദ്രസംഘം പഠനം നടത്തി
1594794
Friday, September 26, 2025 2:52 AM IST
തിരുവല്ല: അപ്പർകുട്ടനാടിനെയും കുട്ടനാടിന്റെ ഭാഗമായി കണ്ട് കർഷകരെ സംരക്ഷിക്കാനാവശ്യമായ പദ്ധതികളുണ്ടാകണമെന്ന ആവശ്യം സജീവമായി പരിഗണിക്കുമെന്നു കേന്ദ്രസംഘം. കുട്ടനാട്ടിലെ കർഷക പ്രശ്നങ്ങൾ പഠിക്കാനെത്തിയ കേന്ദ്രസംഘം അപ്പർകുട്ടനാട്ടിലെ തിരുവല്ല താലൂക്ക് പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു.
അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽനിന്നു പോളയും പായലും നീക്കി ജലമൊഴുക്ക് സുഗമമാക്കാനാവശ്യമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിലേക്കു നൽകുമെന്നു സംഘാംഗങ്ങൾ പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രാലയം മെക്കനൈസേഷൻ ആൻഡ് ടെക്നോളജി ഡിവിഷൻ ജോയിന്റ് സെക്രട്ടറി എസ്. രുക്മിണിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി കമ്മീഷണർ എ.എൻ. മെഷ്രാം, സീനിയർ സയന്റിസ്റ്റ് ഡോ.ദിവ്യ ബാലകൃഷ്ണൻ, സയന്റിസ്റ്റ് ഡോ. വി. മാനസ, ഡോ.എസ്. വിജയകുമാർ, ഡോ.ആർ. ഗോപിനാഥ്, എസ്. ജി. പവാർ എന്നിവരാണുണ്ടായിരുന്നത്.
ഒക്ടോബർ പത്തിനു കേന്ദ്ര കൃഷിമന്ത്രി കേരളത്തിലെത്തുന്നതിനു മുന്നോടിയായാണ് ഉദ്യോഗസ്ഥസംഘം പാടശേഖരങ്ങൾ സന്ദർശിച്ചു കാർഷിക പ്രശ്നങ്ങൾ പരിശോധിച്ചത്. പാടശേഖരങ്ങൾ സന്ദർശിച്ച സംഘാംഗങ്ങൾ ഒഴുക്കു നിലച്ചതോടെ തോടുകളിൽ മലിനജലം നിറയുന്നത് ബോധ്യപ്പെട്ടു. തോട് എങ്ങനെ തെളിച്ചെടുക്കാമെന്നതു സംബന്ധിച്ചു കേന്ദ്ര മന്ത്രാലയം നേരിട്ടു നിരീക്ഷിക്കുമെന്നു സംഘാംഗങ്ങൾ പറഞ്ഞു.
പെരിങ്ങര പാടശേഖരങ്ങളിലെത്തി
പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കേരിയാറും പാടശേഖരങ്ങളുമാണ് സംഘം ആദ്യം സന്ദർശിച്ചത്. പിന്നാലെ ഇളവനാരിപ്പടിയിലെത്തി കർഷകരുമായി കൂടിക്കാഴ്ച നടത്തി. ഇളവനാരി പാലത്തിൽനിന്നു തോടിന്റെ ശോച്യാവസ്ഥ മനസിലാക്കിയ സംഘത്തിനു പത്തനംതിട്ട ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയ കാര്യങ്ങൾ വിശദീകരിച്ചു.
തോട്ടിൽ പോള മൂടിക്കിടക്കുന്നതു മൂലം കൃഷിച്ചെലവിലുണ്ടായ വർധന കർഷകർ വിശദീകരിച്ചു. മലിനജലം കെട്ടിക്കിടക്കുന്നതു കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി. കർഷകരായ സാം ഈപ്പൻ, ജി. വേണുഗോപാൽ, ഹരികൃഷ്ണൻ എസ്. പിള്ള തുടങ്ങിയവർ സംഘത്തിനു കാര്യങ്ങൾ വിശദീകരിച്ചു.
അപ്പർ കുട്ടനാട്ടിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ കർഷകർ ചൂണ്ടിക്കാട്ടി. പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ സന്ദർശനത്തിനു ശേഷമാണ് കേന്ദ്ര സംഘം അപ്പർ കുട്ടനാട്ടിലെത്തിയത്.
കർഷകവേദി റിപ്പോർട്ട് കൈമാറി
കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കർഷകർ നേരിടുന്ന കാർഷിക പ്രശ്നങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേരള സംയുക്ത കർഷകവേദി രക്ഷാധികാരി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ തയാറാക്കി കേന്ദ്ര കൃഷി മന്ത്രാലയത്തിനു നൽകിയിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാനും തുടർന്നു കൃഷിമന്ത്രി നേരിട്ടു സംസ്ഥാനം സന്ദർശിക്കാനും തീരുമാനമുണ്ടായത്.
കുമ്മനം രാജശേഖരൻ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്ക്കൽ എന്നിവരും കേന്ദ്രസംഘവുമായി ചർച്ച നടത്തി.